
വീട് ഒരു സങ്കൽപ്പമാണ്, സ്വപ്നമാണ്, അഭയമാണ് സർവോപരി ജീവിതത്തിന്റെ എല്ലാമെല്ലാമാണ്. ഓരോ നിമിഷത്തിലും വീട് നമ്മെ പിന്തുടർന്നു കൊണ്ടിരിക്കുന്നു. വീടുവിട്ടിറങ്ങിയ നേരം മുതൽ അത് വഴിനോക്കി കാത്തിരിക്കാൻ തുടങ്ങും. ഒരു ദിവസം വൈകിയാലും ഒന്നും സംഭവിക്കില്ല പക്ഷെ, അപ്പോഴും ഏതു പാതിരാത്രിയിലും നാം വീടണയാൻ വേണ്ടി ഓടികിതച്ചെത്തും. ഹൃദയത്തിലേക്ക് നീളുന്ന ഒരാത്മബന്ധമുണ്ട് നമുക്ക് നമ്മുടെ വീടുമായിട്ട്. ഇതൊക്കെ കേൾക്കാൻ നല്ല സുഖമാണ്. എന്നാൽ വീട് പണിയാൻ അപേക്ഷയുമായി കോർപ്പറേഷനിലോ നഗരസഭയിലോ പഞ്ചായത്തിലോ ഒന്നു പോയി നോക്കണം. അപ്പോളറിയാം വീട് എന്നത് അഭയ കേന്ദ്രമാണോ എന്ന്. വർഷങ്ങളായി താലോലിച്ചു കൊണ്ടിരിക്കുന്ന സ്വപ്നങ്ങളെ എങ്ങനെയൊക്കെ വേരോടെ പിഴുതെടുക്കാം എന്നതിനെക്കുറിച്ച് ഗവേഷണം നടത്തുകയാണ് തദ്ദേശസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥ പ്രമാണിമാർ.
വീടിനുള്ള അപേക്ഷയുമായി വരൂ, ഞൊടിയിടയിൽ ശരിയാക്കി പോകാം എന്നൊക്കെ പറഞ്ഞ് വീടിനുള്ള അപേക്ഷകൾക്ക് ഒരു തടസവുമില്ലെന്നുമുള്ള സുന്ദര മോഹന വാഗ്ദാനങ്ങൾ ഇവരിൽ നിന്ന് കേൾക്കാൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായി. എന്നാൽ വാഗ്ദാനങ്ങളല്ലാതെ പ്രവൃത്തിയൊക്കെ സാധാരണക്കാരന്റെ വഴി മുടക്കുന്നതുമാണ്.
വീട് മോഹത്തെ ജെ.സി.ബി വച്ച് തകർക്കുന്നതിന് തുല്യമായ സംഭവമാണ് കഴിഞ്ഞ ആഴ്ച കണ്ണൂർ കോർപ്പറേഷനിൽ അരങ്ങേറിയത്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആരവത്തിൽ നാടും നഗരവും അലിഞ്ഞു ചേർന്ന സമയം നോക്കിയാണ് ഉദ്യോഗസ്ഥർ ഇതിനുള്ള അവസരം തിരഞ്ഞെടുത്തത്. വീട് നിർമ്മാണത്തിനുള്ള ലൈസൻസ് കിട്ടാൻ കൈക്കൂലി വേണമെന്നായിരുന്നു ഉദ്യോഗസ്ഥന്റെ ആവശ്യം.
ഭാര്യയുടെയും സഹോദരിമാരുടെയും പേരിൽ വീട് നിർമ്മിക്കാൻ നൽകിയ അപേക്ഷയിലാണ് കണ്ണൂർ എടക്കാട് സോണൽ ഓഫീസിലെ ഗ്രേഡ് ഓവർസിയർ കൈക്കൂലി ആവശ്യപ്പെട്ടത്. അപേക്ഷകൻ കൈക്കൂലി കൊടുക്കാനും തയ്യാറായി. ഈ ആവശ്യത്തിനായി പലതവണ ഓഫീസ് കയറിയിറങ്ങിയ അപേക്ഷകൻ ആകെ കലിപ്പിലായിരുന്നു. കൈമടക്ക് കിട്ടിയാൽ മാത്രമേ കാര്യങ്ങൾ നീങ്ങുകയുള്ളൂ എന്നായിരുന്നു ഉദ്യോഗസ്ഥന്റെ കട്ടായം. ഇടപാടുകളെല്ലാം സുതാര്യമാകണമെന്ന നിർബന്ധവും ഈ ഉദ്യോഗസ്ഥനുണ്ട്. അതുകൊണ്ട് എല്ലാം ഡ്രൈവർ മുഖേനയാണെന്നും ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നു. കൈമടക്ക് കൊടുത്താലും കാര്യങ്ങൾ നടക്കണമല്ലോ എന്നു കരുതിയ അപേക്ഷകനും ചെറിയ പണി ഒപ്പിക്കാൻ മറന്നില്ല. കൈക്കൂലി കൊടുക്കുന്നതിന് മുമ്പ് വിജിലൻസിനും അപേക്ഷകൻ പരാതി നൽകിയിരുന്നു.
സമയവും നാളും സ്ഥലവുമെല്ലാം വിജിലൻസ് ഉദ്യോഗസ്ഥർ കുറിച്ചു കൊടുത്തു. വളരെ നാടകീയമായ ഒരു കൂടിക്കാഴ്ച. നഗരത്തിൽ അല്പം അകന്നു മാറിയ ഒരു സ്ഥലമാണ് ഇടപാടിനായി നിശ്ചയിച്ചിരുന്നത്. പ്രത്യേകം രേഖപ്പെടുത്തിയ 500 രൂപയുടെ പത്ത് നോട്ടുകളും അപേക്ഷകന് വിജിലൻസ് സംഘം കൈമാറി. ഉദ്യോഗസ്ഥൻ പറഞ്ഞ സമയത്തിനു അരമണിക്കൂർ മുമ്പ് തന്നെ സർക്കാർ വാഹനത്തിൽ ഡ്രൈവർക്കൊപ്പമെത്തി. അപേക്ഷകനിൽ നിന്ന് പണം വാങ്ങിയ ശേഷം ഓഫീസിലേക്ക് വിളിച്ചു പറയുകയും ചെയ്തു. ഇനി അപേക്ഷ വച്ചു താമസിപ്പിക്കേണ്ട, ഉടൻ ശരിയാക്കി വയ്ക്കണം എന്നതായിരുന്നു ഉദ്യോഗസ്ഥന്റെ കല്പന. ഞാൻ ഓഫീസിൽ വിളിച്ചു പറഞ്ഞിട്ടുണ്ടെന്നും ഇപ്പോൾത്തന്നെ അപേക്ഷ ശരിയാക്കിത്തരാമെന്നും ഉദ്യോഗസ്ഥൻ അപേക്ഷകനോട് പറയുകയും ചെയ്തു. ഇപ്പോൾത്തന്നെ ശരിയാക്കി തരാം എന്നായിരുന്നു അപേക്ഷകന്റെ ആത്മഗതം. വല്ലതും പറഞ്ഞോ എന്നു ചോദിച്ച ഉദ്യോഗസ്ഥൻ കൈമടക്ക് പാന്റിന്റെ പോക്കറ്റിലേക്ക് വെക്കുന്നതിനിടെ കഥയ്ക്ക് ശുഭപര്യവസാനം. എല്ലാം നിശ്ചയിച്ചതനുസരിച്ച് കൈമാറുന്നതിനിടെ ഓവർസിയറും ഡ്രൈവറും വിജിലൻസ് പിടിയിലാകുകയായിരുന്നു.
കൈക്കൂലിക്കാരെ
പൂട്ടാനൊരുങ്ങി വിജിലൻസ്
അതുമിതും പറഞ്ഞ് കെട്ടിട നിർമ്മാണ ലൈസൻസ് വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥരെ പൂട്ടാനിറങ്ങിയിരിക്കുകയാണ് വിജിലൻസ് വിഭാഗം. കണ്ണൂരിൽ മാത്രം ഇത്തരം നിരവധി ഉദ്യോഗസ്ഥരുണ്ടെന്നാണ് വിജിലൻസ് പറയുന്നത്. താൽക്കാലിക്കാരായ ഡ്രൈവർമാരെ ഉപയോഗിച്ചാണ് കൈമടക്ക് ഇടപാട് നടത്തുന്നത്. താൽക്കാലിക്കാർക്കെതിരെ നടപടിയുണ്ടാകില്ലെന്ന തോന്നലാണ് ഇതിനു പിന്നിൽ.
അപേക്ഷകൾ ഒരു കാരണവുമില്ലാതെ ഉദ്യോഗസ്ഥർ വൈകിപ്പിക്കുന്നുവെന്ന നിരവധി പരാതി വിജിലൻസിന് കിട്ടാറുണ്ട്. പലവിധകാരണങ്ങൾ പറഞ്ഞ് അപേക്ഷകരെ തിരിച്ചയക്കുകയാണ് പലരുടെയും പതിവ്. ഇതിനൊരു അറുതി വേണം.
ചട്ടലംഘനമില്ലെങ്കിൽ
അനുമതി നൽകണം
കേരള കെട്ടിടനിർമ്മാണ ചട്ടലംഘനം ഇല്ലെന്ന് ഉറപ്പായാൽ ആർക്കും വീടുവയ്ക്കാൻ അനുമതി നൽകണമെന്നാണ് ചട്ടം. പക്ഷേ കൈക്കൂലിയുടെ സാദ്ധ്യതയുണ്ടെന്നതിനാൽ ഒരിടത്തും അത്ര പെട്ടെന്ന് നടക്കില്ല. കൈമടക്ക് കിട്ടിയാലെ കോർപ്പറേഷനിലെയും നഗരസഭയിലെയും പഞ്ചായത്തിലെയും ഉദ്യോഗസ്ഥർ കണ്ണ് തുറക്കുവെന്നാണ് അവസ്ഥ. അത്തരക്കാർക്ക് പണി കൊടുക്കാൻ തന്നെ ഇറങ്ങിയിരിക്കുകയാണ് വിജിലൻസ് വിഭാഗം.