ആറളംഫാം: വൈവിദ്ധ്യവത്കരണത്തിന്റെ പാതയിലേക്ക് അതിവേഗം മുന്നേറുന്ന ആറളം ഫാമിന് ഭീഷണിയായി കാട്ടാനകൾ. രാപ്പകൽ വ്യത്യാസമില്ലാതെ സ്വൈരവിഹാരം നടത്തുന്ന കാട്ടാനക്കൂട്ടങ്ങൾ ഇന്നലെ മാത്രം 15 തെങ്ങുകളാണ് പിഴുതെറിഞ്ഞത്. എട്ടാംബ്ലോക്കിൽ ഒരൊറ്റ ദിവസം കൊണ്ടു മാത്രം ഉണ്ടായത് ലക്ഷങ്ങളുടെ നഷ്ടം.
15 ലക്ഷം രൂപ മുടക്കി നഴ്സറിയെ കാട്ടാന ഭീഷണിയിൽ നിന്നു രക്ഷിക്കാൻ സ്ഥാപിച്ച വൈദ്യുതി കമ്പിവേലിയും ആനക്കൂട്ടങ്ങൾ നശിപ്പിച്ചിരുന്നു. വേലിക്ക് സമീപത്തെ കൂറ്റൻ തെങ്ങ് കമ്പിവേലിക്ക് മുകളിലേക്ക് പിഴുതെറിഞ്ഞാണ് വൈദ്യുതിയും വേലിയും തമ്മിലുള്ള ബന്ധം വിച്ഛേദിപ്പിച്ചത്. കഴിഞ്ഞ രണ്ടു മാസമായി ഇരുന്നൂറോളം തെങ്ങുകളാണ് ഇവ നശിപ്പിച്ചത്.
14 കാട്ടാനകളാണ് കൂട്ടത്തോടെ കഴിഞ്ഞ മാസം രണ്ടാംബ്ലോക്കിലെ ജനവാസ കേന്ദ്രത്തിലെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആനകളെ തിരികെ കാടുകയറ്റിയെങ്കിലും ഭീതിയിലാണ് ഫാമിലെ ജനങ്ങൾ കഴിഞ്ഞിരുന്നത്. വനാതിർത്തിയിലെ തകർത്ത ആനമതിലിന്റെ ഭാഗത്തു കൂടെയാണ് കാട്ടാനക്കൂട്ടം ഫാമിനുള്ളിലേക്ക് പ്രവേശിക്കുന്നത്.
കാട്ടാനകൾ സ്ഥിരമായി ഇറങ്ങുന്ന ഭാഗത്ത് നിന്ന് ആളുകൾ മറ്റ് സ്ഥലങ്ങളിലേക്ക് മാറി താമസിക്കുകയാണ്.
ഒരു വർഷത്തിൽ 3 കോടിയുടെ നഷ്ടം
ഒരു വർഷംകൊണ്ട് മൂന്നുകോടി രൂപയുടെ വിളനഷ്ടമാണ് വന്യമൃഗങ്ങൾ ഫാമിനുണ്ടാക്കിയത്. കാട്ടാന ശല്യം കശുവണ്ടി വിളവെടുപ്പിനെയും കാര്യമായി ബാധിച്ചിട്ടുണ്ട്. സെക്യൂരിറ്റി വിഭാഗം തൊഴിലാളികൾ കാവൽ നിന്നാണ് കശുവണ്ടി ശേഖരിക്കുന്നത്. ഫാമിലെ മൂന്ന്, നാല് ബ്ളോക്കുകളിലെ നിരവധി കാർഷിക വിളകളും ആനക്കൂട്ടം നശിപ്പിച്ചിരുന്നു.
ജനവാസ കേന്ദ്രത്തിലേക്കും കൃഷിയിടങ്ങളിലേക്കും ആനകൾ പ്രവേശിക്കുന്നത് തടയാൻ വളയംചാൽ മുതൽ പൊട്ടിച്ചി പാറവരെ പത്തര കിലോമീറ്റർ ആനമതിൽ പണിയാനായി 22 കോടി രൂപ അനുവദിച്ച് വർഷം കഴിഞ്ഞെങ്കിലും ടെൻഡർ നടപടികൾ പോലുമായില്ല. റെയിൽ ഫെൻസിംഗിന് മൂന്ന് കോടി രൂപയും ട്രഞ്ചിംഗിനും ഇലക്ട്രിക് ഫെൻസിംഗിനുമായി ഒരു കോടിയും അനുവദിച്ചിരുന്നു. വനം വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ദ്രുതകർമ്മ സേനയും രംഗത്തുണ്ട്.
സ്പെഷ്യൽ ഡ്രൈവ് ഇന്ന്
ആറളം ഫാമിലും മറ്റും കാട്ടാനശല്യം രൂക്ഷമായ സാഹചര്യത്തിൽ അവയെ ഓടിക്കുന്നതിനായി വന്യജീവി വകുപ്പ് ഇന്നും നാളെയും സ്പെഷ്യൽ ഡ്രൈവ് നടത്തുമെന്ന് അധികൃതർ അറിയിച്ചു. നഴ്സറിയിലും മറ്റു സുരക്ഷിത സ്ഥലങ്ങളിലും രണ്ടു ദിവസം ജോലി ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.
നഷ്ടപ്രതാപം വീണ്ടെടുത്ത് ആറളം ഫാം നഴ്സറിയും മറ്റും നവീകരണത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണിപ്പോൾ. അതിനിടെയാണ് കാട്ടാനശല്യം രൂക്ഷമായത്. തെങ്ങും മറ്റു കാർഷിക വിളകളും നശിപ്പിക്കുന്ന കാട്ടാനക്കൂട്ടങ്ങളെ നശിപ്പിക്കാൻ അടിയന്തര നടപടിയില്ലെങ്കിൽ ചെയ്ത ജോലിയൊക്കെ വൃഥാവിലാകും -വിമൽഘോഷ്, എം.ഡി ആറളം ഫാം