k-c-venugopal

സംഘടനാ ദൗർബല്യങ്ങൾ പരിഹരിക്കും

കണ്ണൂർ: സംസ്ഥാന കോൺഗ്രസിൽ നേതൃമാറ്റ സാദ്ധ്യത തള്ളാതെ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. എ.ഐ.സി.സി സംഘം കേരളത്തിലെ കാര്യങ്ങൾ പഠിച്ച് തീരുമാനമെടുക്കും. താഴേത്തട്ടുമുതൽ സംഘടനാ സംവിധാനം ശക്തിപ്പെടുത്തണം. വ്യക്തമായ കാഴ്ചപ്പാടോടെ മുന്നോട്ടുപോകേണ്ടതുണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

എവിടെയൊക്കെ ദൗർബല്യങ്ങളുണ്ടോ, അതെല്ലാം മറ്റൊന്നും നോക്കാതെ പരിഹരിച്ച് മുന്നോട്ടു കൊണ്ടുപോകണം. പാർട്ടിക്കാവണം മുൻഗണന. പാർട്ടിക്കതീതമായ എല്ലാ മുൻഗണനയും ഒഴിവാക്കാൻ എല്ലാവരും മനസ് കാണിക്കേണ്ട സമയമാണിത്. ലീഗാണ് കോൺഗ്രസിന്റെ ഭാരവാഹികളെ തീരുമാനിക്കുന്നതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ദുഷ്ടലാക്കോടെയുള്ളതാണ്. ലീഗിനെ യു.ഡി.എഫിൽ നിന്ന് അടർത്തി മാറ്റാനുള്ള ശ്രമമുണ്ടോയെന്ന ചോദ്യത്തിന്, അതാണ് ദുഷ്ടലാക്കെന്ന് താൻ സൂചിപ്പിച്ചതെന്നായിരുന്നു വേണുഗോപാലിന്റെ മറുപടി.

തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്റെ പശ്ചാത്തലത്തിൽ ഇതേ രീതിയിൽ മുന്നോട്ടുപോകാനാവില്ലെന്ന വിലയിരുത്തലിലാണ് എ.ഐ.സി.സി. തിരുത്തൽ നടപടികളുടെ ആദ്യ ഭാഗമായാണ് കേന്ദ്ര നേതൃത്വത്തെ അയച്ച് റിപ്പോർട്ട് തേടുന്നത്. ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനം. ഹൈക്കമാൻഡ് കേരളത്തിലെ സംഭവങ്ങൾ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും വേണുഗോപാൽ വ്യക്തമാക്കി.