തൃക്കരിപ്പൂർ: ഉപജീവനത്തിനായി പുഴയിലിറങ്ങുന്ന മത്സ്യത്തൊഴിലാളികൾക്ക് 'പണി' നൽകി ജെല്ലി ഫിഷ് കൂട്ടം. കവ്വായി കായലിൽ പരന്നു കിടക്കുന്ന ജെല്ലി ഫിഷിന്റെ (കാഞ്ഞാംപോത്ത്) സാന്നിദ്ധ്യം മത്സ്യത്തൊഴിലാളികൾക്ക് തലവേദനയാവുകയാണ്. മീൻ പിടിക്കാനായി വലവീശിയാൽ വല നിറയെ ഇവയാണ്. കൈകാര്യം ചെയ്യാമെന്ന് വച്ചാൽ ആരോഗ്യ പ്രശ്നമുണ്ടാകുമെന്നതും ഇവ ഉയർത്തുന്ന വെല്ലുവിളിയാണ്.
പുഴയുടെ ആഴങ്ങളിലും ഉപരിതലത്തിലൂടെയും ഒരു പഞ്ഞിക്കെട്ടു പോലെ ഒഴുകി നടക്കുന്ന ഇവയെ തൊട്ടാൽ ചൊറിച്ചിലും അസ്വസ്ഥതകളും ഉണ്ടാകുമെന്ന് തൊഴിലാളികൾ പറയുന്നു. പല തരം വലകൾ ഉപയോഗിച്ച് മത്സ്യബന്ധനത്തിലേർപ്പെടുന്ന എല്ലാ വിഭാഗം മത്സ്യത്തൊഴിലാളികളും കഴിഞ്ഞ ഒരാഴ്ചയായി ഇതിന്റെ ഉപദ്രവം നേരിട്ടുകൊണ്ടിരിക്കുകയാണ്. കക്ക വാരാനായും പൂഴി ശേഖരിക്കാനുമായി പുഴയിലിറങ്ങേണ്ടി വരുന്നവർക്കും ഇവ ഉപദ്രവകാരികളാണ്. പുഴയിൽ മുങ്ങി നിവർന്നാൽ തലയിലും ദേഹത്തൊക്കെയായി ഇവ പറ്റിപ്പിടിക്കും. മാടക്കാൽ, ഇടയിലക്കാട്, വലിയപറമ്പയുടെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിൽ പുഴ നിറയെ ഇപ്പോൾ ഇവയുടെ ശല്യമുണ്ട്.
കടലിൽ നിന്ന് കായലിലേക്ക്
പൊതുവെ കടലിൽ കാണപ്പെടുന്ന ജെല്ലി ഫിഷ് കാലാവസ്ഥ വ്യതിയാനത്തിനുസരിച്ചാണ് കായലുകളിലെത്തുന്നത്. കൂട്ടത്തോടെയെത്തി പുഴ മുഴുവൻ പെരുകുകയാണിവ. 2 കിലോഗ്രാം വരെ തൂക്കം വെക്കുന്ന ഇവയ്ക്ക് 24 കണ്ണുകളുണ്ട്. 10 മീറ്റർ ദൂരം വരെ കാഴ്ചയുമുണ്ട്. മറ്റുള്ളവയ്ക്കുള്ള മിക്ക ആന്തരീകാവയവങ്ങളുമില്ലാതെയാണ് ഇവ ജീവിക്കുന്നത്. കടലിലെ അഴങ്ങളിൽ കാണപ്പെടുന്ന 'റിടോപ് സിസ് ഡോർണി' എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന ജെല്ലി ഫിഷുകളെ നാശമില്ലാത്തവയായാണ് ശാസ്ത്രലോകം വിലയിരുത്തപ്പെടുന്നത്. ഇവയുടെ കോശങ്ങൾ പൂർണ്ണ വളർച്ചയെത്തിയാൽ ശൈശവദശയിലേക്ക് വീണ്ടും മാറാൻ കഴിവുള്ളവയാണ്. അതുകൊണ്ട് ഈ വിഭാഗത്തെ ചിരഞ്ജീവിയായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ബോക്സ് രൂപത്തിലുള്ള ജെല്ലി ഫിഷുകൾ മാരക വിഷവാഹികളുമാണ്.