navaneeth

കാഞ്ഞങ്ങാട്: കൊവിഡ് മൂലം തൊഴിൽ നഷ്ടമായ പ്രവാസിക്ക് ദുബായ് ഡ്യൂട്ടി ഫ്രീയുടെ ഏഴു കോടിയിൽപരം രൂപയുടെ ഭാഗ്യസമ്മാനം. വെള്ളിക്കോത്തെ നവനീത് സജീവനാണ്(30) പ്രതിസന്ധി നിറഞ്ഞ ജീവിതത്തിൽ ഭാഗ്യസമ്മാനമായി 10 ലക്ഷം ഡോളർ (7.3കോടി രൂപ ) കിട്ടിയത്. നാലുവർഷമായി അബുദാബി തവീലയിലെ സ്വകാര്യ പവർപ്ലാന്റിൽ ഹെൽത്ത് ആൻഡ് സോഫ്ട്‌വെർ എൻജിനിയറായിരുന്നു.

കൊവിഡ് പ്രതിസന്ധി മൂലം തൊഴിൽ നഷ്ടപ്പെട്ടതിനെ തുടർന്ന് മറ്റ് ജോലികൾ അന്വേഷിക്കുന്നതിനിടെയാണ് ഭാഗ്യം തേടിയെത്തിയത്. നവംബർ 22 നാണ് നാലു സുഹൃത്തുകൾക്കൊപ്പം ഓൺലൈൻ വഴി 4180 നമ്പർ ടിക്കറ്റെടുത്തത്. ജോലിക്കായുള്ള ഒരു ഇന്റർവ്യൂ കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് സമ്മാനം കിട്ടിയതായുള്ള ഫോൺസന്ദേശം നവനീതിനെ തേടിയെത്തിയത്.

ദുബൈ ഡ്യൂട്ടിഫ്രീയുടെ മില്ലേനിയം മില്ല്യണർ നടുക്കെടുപ്പ് ആരംഭിച്ചശേഷം സമ്മാനം ലഭിക്കുന്ന 171ാമത്തെ ഇന്ത്യക്കാരനാണ് നവനീത്. സമ്മാനത്തുക സുഹൃത്തുക്കളുമായി പങ്കിട്ടെടുക്കുമെന്ന് നവനീത് പറഞ്ഞു. വെള്ളിക്കോത്തെ കപ്പണക്കാൽ സജീവന്റെയും മാലിനിയുടെയും മകനാണ് നവനീത്. ഉദുമ സ്വദേശിനി പ്രവീണയാണ് ഭാര്യ. ഒന്നരവയസ്സുള്ള അയ്താൻ ഏകമകനാണ്. കുടുംബത്തോടൊപ്പം അബുദാബിയിലാണ് താമസിക്കുന്നത്.