തളിപ്പറമ്പ്: സി.പി.എം ഏരിയാ കമ്മിറ്റി അംഗവും മുൻ ബക്കളം ലോക്കൽ സെക്രട്ടറിയുമായിരുന്ന സി. അശോക് കുമാറിന്റെ ഒഴക്രോം-കാനൂൽ റോഡിലെ വീടിന് നേരെ അക്രമം. ഇന്നലെ പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. ജനൽചില്ലുകൾ അടിച്ചു തകർക്കുന്ന ശബ്ദം കേട്ട് അശോക് കുമാർ ഉണർന്ന് ലൈറ്റിട്ടതോടെയാണ് അക്രമി സംഘം രക്ഷപ്പെട്ടത്.
സംഘത്തിൽ നാലോളം പേർ ഉണ്ടായിരുന്നുവെന്നും വീടിന് പുറത്ത് നിർത്തിയ വാഹനത്തിലാണ് ഇവർ രക്ഷപ്പെട്ടതെന്നും അശോക് കുമാർ പറഞ്ഞു. വിവരമറിഞ്ഞ് തളിപ്പറമ്പ് പൊലീസും സ്ഥലത്തെത്തിയിരുന്നു. ബി.ജെ.പി പ്രവർത്തകരാണ് വീടിന് നേരെ അക്രമം നടത്തിയതെന്നാണ് പരാതി.