
ചെറുപുഴ: വോളിബാളിനെ നെഞ്ചേറ്റുന്ന കക്കോട് ഗ്രാമത്തിൽ ഭാവി താരങ്ങൾക്ക് പരിശീലനമൊരുക്കി മുൻതാരങ്ങൾ. ആലക്കോട് ചെറുപുഴ പഞ്ചായത്ത് അതിർത്തിയായ കക്കോട് ഗ്രാമത്തിലാണ് മുൻതാരങ്ങളുടെ നേതൃത്വത്തിൽ കുട്ടികൾക്കായി പരിശീലനം നടക്കുന്നത്. 10 നും 18 നും ഇടയിൽ പ്രായമുള്ള 35 ഓളം കുട്ടികളാണ് ഇപ്പോൾ പരിശീലനം നേടുന്നത്. വോളിബാളിലൂടെ കക്കോടിനെ അറിയിച്ച, ഇന്ത്യൻ ആർമി റിട്ടയർഡ് ഹവിൽദാർ അജേഷ് കക്കോടിന്റെ നേതൃത്വത്തിൽ മുൻതാരങ്ങളായ പി. രമേശൻ, പി.പി. സുനീഷ് തുടങ്ങിയവരാണ് ദിവസേന കുട്ടികളെ പരിശീലിപ്പിക്കുന്നത്.
ഓരോ ദിവസവും വോളിബാൾ രംഗത്തെ മുൻതാരങ്ങളും പ്രഗത്ഭരായ കളിക്കാരും പരിശീലനത്തിൽ പങ്കാളികളാകുന്നുണ്ട്. സിനിമാ പ്രൊഡ്യൂസറും, വോളിബാൾ താരവുമായിരുന്ന ലാലു ചെമ്പേരി, കെ.എസ്.ആർ.ടി.സി. താരവും, ഇന്ത്യൻ യൂണിവേഴ്സിറ്റി പ്ലെയറുമായിരുന്ന ജോർജ് നെല്ലിപ്പാറയും ക്യാമ്പിലെത്തി കുട്ടികളെ പരിശീലിപ്പിക്കുന്നുണ്ട്. അണ്ടർ 18 വിഭാഗത്തിൽ ഇന്ത്യൻ ക്യാംപിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ചെറുകുന്ന് സ്വദേശിയും എറണാകുളം സെന്റ് പീറ്റേഴ്സ് കോളേജ് വിദ്യാർത്ഥിയുമായ ശരതും ക്യാമ്പിലെ സജീവ സാന്നിദ്ധ്യമാണ്.
മലയോരത്ത് ആദ്യകാലം മുതൽ വോളിബാളിനെ നെഞ്ചേറ്റി കളിയുടെ ഈറ്റില്ലമായി അറിയപ്പെടുന്നതാണ് കക്കോട് ഗ്രാമം. നാട്ടിനകത്തും പുറത്തും ഒട്ടേറെ ടൂർണ്ണമെന്റുകളിൽ കളിക്കാനും ഉയരങ്ങളിലെത്താനും കക്കോടിന്റെ താരങ്ങൾക്ക് സാധിച്ചിരുന്നു. ഗ്രാമീണ മേഖലയിൽ ഏറ്റവും പ്രചാരമുണ്ടായിരുന്ന കായിക വിനോദം അന്യംനിന്ന് പോകാതെ പുതു തലമുറയിലെ കുട്ടികളുടെ കളിയുടെ ആവേശത്തെ തിരിച്ചു കൊണ്ടുവരിക എന്ന ലക്ഷ്യത്തിലാണ് ഇപ്പോൾ അജേഷ് കക്കോടിന്റെ നേതൃത്വത്തിൽ പരിശീലനം നടക്കുന്നത്.
നാട്ടുകാരുടെയും രക്ഷിതാക്കളുടെയും നല്ല നിലയിലുള്ള സഹകരണം ലഭിക്കുന്നുണ്ടെങ്കിലും പരിശീലനത്തിന് ആവശ്യമായ സൗകര്യങ്ങൾ ഇല്ലാത്തത് ഇവർക്ക് പരിമിതിയാണ്. ഗ്രാമീണ മേഖലയായതിനാൽ മറ്റ് കായിക പരിശീലനങ്ങൾക്ക് സൗകര്യമില്ലെങ്കിലും ഗ്രാമത്തിന്റെ യശസ്സുയർത്തിയ വോളിബാളിനെ അത്രമേൽ സ്‌നേഹിക്കുകയാണ് ഇവിടെ നാട്ടുകാരും പുതു തലമുറയും. പൊതുവെ അന്യമായി ക്കൊണ്ടിരിക്കുന്ന വോളിബാളിനെ കൈവിടാതെ കാത്തുസൂഷിക്കാൻ പാടുപെടുന്ന വോളിബാൾ പ്രേമികൾക്കും, പുതു താരങ്ങൾക്കും ഇവിടെ വളരാനുള്ള സാഹചര്യം ഒരുക്കാൻ സ്‌പോർട്സ് അതോറിറ്റിയുടെയും, അധികൃതരുടെയും സഹായത്തിനായി കാത്തു നിൽക്കുകയാണ് വോളിബാളിനെ നെഞ്ചേറ്റുന്ന കക്കോട് ഗ്രാമം.