സത്യപ്രതിജ്ഞ കാണാൻ മന്ത്രിയടക്കമുള്ള നേതാക്കളും
കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട 23 അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു. ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുതിർന്ന അംഗവും പന്ന്യന്നൂർ ഡിവിഷനിലെ പ്രതിനിധിയുമായ ഇ. വിജയന് ജില്ലാ കളക്ടർ ടി.വി. സുഭാഷ് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് വിജയൻ മറ്റംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
ജില്ലാ പഞ്ചായത്തിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് പുതിയൊരു വികസന സംസ്‌കാരം നടപ്പിലാക്കാനും ജനങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കി അവ പരിഹരിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ നടത്താനും കഴിയട്ടെ എന്ന് ജില്ലാ കളക്ടർ ആശംസിച്ചു. ഗ്രൂപ്പ് ഫോട്ടോയ്ക്ക് ശേഷം ജില്ലാ പഞ്ചായത്ത് പ്രതിനിധികളുടെ ആദ്യ യോഗം ഇ. വിജയന്റെ അധ്യക്ഷതയിൽ ചേർന്നു.
ചടങ്ങിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, വിവിധ പാർട്ടി പ്രതിനിധികളായ എം.വി. ജയരാജൻ, കെ.പി. സഹദേവൻ, എം.സുരേന്ദ്രൻ, എ. പ്രദീപൻ, സതീശൻ പാച്ചേനി, അബ്ദുൽ കരീം ചേലേരി, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ്, മുൻ ജില്ലാ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി. ചന്ദ്രൻ ചടങ്ങ് നിയന്ത്രിച്ചു.
കോർപറേഷൻ കൗൺസിലർമാർ സത്യപ്രതിജ്ഞ ചെയ്തു
കണ്ണൂർ കോർപറേഷനിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാർ സത്യപ്രതിജ്ഞ ചെയ്തു. കോർപറേഷൻ അങ്കണത്തിൽ പ്രത്യേകമൊരുക്കിയ വേദിയിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ ടി.വി. സുഭാഷ് മുതിർന്ന അംഗമായ എ. കുഞ്ഞമ്പുവിന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് എം. കുഞ്ഞമ്പു ഡിവിഷൻ ക്രമത്തിൽ മറ്റ് അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കെ. സുധാകരൻ എം.പി, മുൻ മേയർമാർ, വിവിധ രാഷ്ട്രീയ പ്രതിനിധികളായ സതീശൻ പാച്ചേനി, വി.കെ അബ്ദുൾ ഖാദർ മൗലവി, പി. കുഞ്ഞുമുഹമ്മദ്, അബ്ദുൾ കരീം ചേലേരി തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് ഗ്രൂപ്പ് ഫോട്ടോയ്ക്ക് ശേഷം എ. കുഞ്ഞമ്പുവിന്റെ അധ്യക്ഷതയിൽ കൗൺസിലർമാരുടെ ആദ്യ യോഗം ചേർന്നു. മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സർക്കുലർ കോർപറേഷൻ സെക്രട്ടറി ടി. സാജു വായിച്ചു. 28ന് മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിനായി യോഗം പിരിഞ്ഞു.