kannur-uni

കണ്ണൂർ: സർക്കാർ അനുവദിച്ച പുതുതലമുറ കോഴ്സുകളുടെ ക്ലാസ്സുകൾ ജനുവരി 15ന് ആരംഭിക്കാൻ കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിൽ തീരുമാനം. യു.ജി.സി സ്കോളർഷിപ്പുകൾ ഉൾപ്പടെ വിവിധ സ്കോളർഷിപ്പുകൾ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നതിനായി പൊസിഷൻ സർട്ടിഫിക്കറ്റിന് പകരം റാങ്ക് സർട്ടിഫിക്കറ്റുകൾ നൽകും.

നവംബർ 2020 മുതൽ പരീക്ഷകളുടെ ചോദ്യപേപ്പർ ഡെറ്റേർസിനുള്ള പ്രതിഫലം പുതുക്കി നിശ്ചയിച്ചു. ഇന്റഗ്രേറ്റഡ് കോഴ്സിനുള്ള പ്രൊവിഷണൽ അഫിലിയേഷൻ, റജിസ്ട്രേഷൻ ഫീസുകൾ പുതുക്കിനിശ്ചയിച്ചു.

ജനുവരി ആദ്യവാരം കോളേജുകളിൽ നാല്, ആറ് സെമസ്റ്റർ ക്ലാസുകൾ ആരംഭിക്കും. കോളേജ്തല അക്കാഡമിക് മോണിറ്ററിംഗ് കമ്മിറ്റികൾ ആവശ്യമായ ക്രമീകരണങ്ങൾ നടത്തണം. മൂന്ന്, അഞ്ച് സെമസ്റ്റർ ക്ലാസ്സുകൾ റിവിഷൻ ചെയ്ത് നൽകണം. സർവകലാശാലയിൽ ജനുവരി മാസം പ്രൈവറ്റ് രജിസ്ട്രേഷൻ ആരംഭിക്കും. ബി.ടെക് വിദ്യാർത്ഥികൾക്ക് ഇന്റേണൽ പരീക്ഷ ഇംപ്രൂവ്മെന്റിന് ഒരു അവസരം കൂടി നൽകാൻ തീരുമാനിച്ചു. ഹിന്ദി, ചരിത്രം, ലൈഫ് സയൻസ്, സുവോളജി വിഷയങ്ങളിലായി ആറു പേർക്ക് ഡോക്ടറേറ്റ് നൽകാനും തീരുമാനിച്ചു.

ബഡ്‌ജറ്റിന് അംഗീകാരം

സർവകലാശാലയുടെ 2020-21 വർഷത്ത ബഡ്‌ജറ്റിന് സിൻഡിക്കേറ്റ് അംഗീകാരം നൽകി. ബഡ്‌ജറ്റ് നാല് ഭാഗങ്ങളായാണ് അവതരിപ്പിച്ചത്. മുൻവർഷത്തെ ബാക്കി ഉൾപ്പടെ 202.28 കോടി രൂപ വരവും, 186.85 കോടി രൂപ ചെലവും വർഷാവസാനം 15.43 കോടി രൂപ നീക്കിയിരുപ്പുമുള്ള ബഡ്ജറ്റാണ് ഫിനാൻസ് കമ്മിറ്റി കൺവീനർ അഡ്വ. പി. സന്തോഷ് കുമാർ അവതരിപ്പിച്ചത്.