കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ വിവിധ സ്ഥാപനങ്ങളിലേക്ക് വിജയിച്ച അംഗങ്ങൾ സത്യപ്രതിജ്ഞയെടുത്ത് ചുമതലയേറ്റു. മുതിർന്ന അംഗങ്ങൾ ആദ്യം വരണാധികാരിയിൽ നിന്ന് സത്യപ്രതിജ്ഞയെടുക്കുകയും തുടർന്ന് ഇവർ മറ്റ് അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുകയുമായിരുന്നു. ജില്ലാ പഞ്ചായത്തിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട 23 അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു. മുതിർന്ന അംഗം ഇ. വിജയന് ജില്ലാ കളക്ടർ ടി.വി സുഭാഷ് സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രതിനിധികളുടെ ആദ്യ യോഗം ഇ വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്നു.

മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, വിവിധ പാർട്ടി പ്രതിനിധികളായ എം.വി ജയരാജൻ, കെ.പി സഹദേവൻ, എം. സുരേന്ദ്രൻ, എ പ്രദീപൻ, സതീശൻ പാച്ചേനി, അബ്ദുൽ കരീം ചേലേരി, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് തുടങ്ങിയവർ പങ്കെടുത്തു.

കോർപറേഷനിൽ കൗൺസിലർമാർ സത്യപ്രതിജ്ഞ ചെയ്തു. ജില്ലാ ക ളക്ടർ ടി.വി സുഭാഷ് മുതിർന്ന അംഗമായ എ. കുഞ്ഞമ്പുവിന് സത്യവാചകം ചൊല്ലിക്കൊടുത്തു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കെ. സുധാകരൻ എം.പി, സതീശൻ പാച്ചേനി, വി.കെ അബ്ദുൾ ഖാദർ മൗലവി, പി. കുഞ്ഞുമുഹമ്മദ്, അബ്ദുൾ കരീം ചേലേരി തുടങ്ങിയവർ പങ്കെടുത്തു. എ കുഞ്ഞമ്പുവിന്റെ അദ്ധ്യക്ഷതയിൽ കൗൺസിലർമാരുടെ ആദ്യ യോഗം ചേർന്നു. ഡിസംബർ 28ന് മേയർ, ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിനായി യോഗം പിരിഞ്ഞു.