തളിപ്പറമ്പ്: മാർക്കറ്റ് റോഡിലെ കടകളിൽ ഉണ്ടായ തീപിടുത്തത്തിൽ ഒരു കോടിയുടെ നഷ്ടം. തീപിടുത്തം ഷോർട്ട് സർക്യൂട്ട് മൂലമാണെന്ന് കണ്ണൂർ നിന്ന് എത്തിയ ഫയർഫോഴ്സ് വിദഗ്ധർ. ഇന്നലെ രാവിലെ കടയിൽ എത്തി പരിശോധന നടത്തിയ ശേഷമാണ് ഫയർഫോഴ്സ് ഇത് സ്ഥിരീകരിച്ചത്.

തളിപ്പറമ്പ് മന്നയ്ക്ക് താമസിക്കുന്ന മോയിൻകുട്ടിയുടെ ഉടമസ്ഥതയിലുള്ള ന്യൂ സ്‌റ്റോർ സ്‌റ്റേഷനറി കടയിലാണ് കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ തീപിടിച്ചത്. ഇവരുടെ കടയുടെ പുറക് വശത്തെ നാല് ഗോഡൗണുകളും കത്തിനശിച്ചിരുന്നു. കടയുടെ സമീപത്തുള്ള ഏഴ് കടകളുടെ മുകൾ ഭാഗത്ത് തീ പടർന്ന് പിടിച്ചിരുന്നു. ഞായറാഴ്ച ഉച്ചക്ക് ഒരു മണി വരെ പ്രവർത്തിച്ച ശേഷമാണ് മൊയ് തീൻ കടയടച്ച് വീട്ടിലേക്ക് പോയത്.

ഷട്ടറിനുള്ളിൽ നിന്നും പുക ഉയരുന്നത് കണ്ട നാട്ടുകാരാണ് വിവരം പൊലീസിലും അഗ്നിശമന കേന്ദ്രത്തിലും അറിയിച്ചത്. സ്‌റ്റേഷൻ ഓഫീസർ കെ.പി. ബാലകൃഷ്ണന്റെ നേതൃത്വത്തിൽ എത്തിയ രണ്ട് യൂണിറ്റ് സേനാംഗങ്ങൾ തീയണക്കാൻ ശ്രമിച്ചെങ്കിലും തീ പടർന്ന് പിടിക്കുകയായിരുന്നു. മറ്റ് കടകളിലേക്കും തീപടർന്നതോടെ ജില്ലയിലെ മറ്റ് സ്ഥലങ്ങളിൽ നിന്നും അഗ്നിശമന സേനാ യൂണിറ്റുകളെ തളിപ്പറമ്പിലേക്ക് എത്തുകയായിരുന്നു.