
കണ്ണൂർ: മലയാളിയുടെ ഇഷ്ടവിഭവമായ ഇഡ്ഡലിയെ ലോകത്തിന്റെ തീൻമേശയിലെത്തിച്ച രാമശേരി ഇഡ്ഡലി കണ്ണൂരിലും. കണ്ടാൽ തട്ട് ദോശ ലുക്ക്. എന്നാൽ ദോശ അല്ല, ഇഡ്ഡലി തന്നെ. അതാണ് സാക്ഷാൽ രാമശേരി ഇഡ്ഡലിയുടെ കെട്ടും മട്ടും. പാലക്കാട് - കോയമ്പത്തൂർ ദേശീയപാതയിൽ എലപ്പുള്ളിക്കടുത്ത രാമശേരിയിലെ മുതലിയാർ വിഭാഗത്തിന്റെ കുലത്തൊഴിലാണ് ഇഡ്ഡലി നിർമ്മാണം. നൂറ്റാണ്ടുകൾക്ക് മുമ്പ് കോയമ്പത്തൂരിൽ നിന്ന് കുടിയേറിയ മുതലിയാർ വിഭാഗം ഉപജീവനം എന്ന നിലയിൽ തുടങ്ങിയ ഇഡ്ഡലിയുടെ പെരുമ ഇപ്പോൾ കടൽകടക്കുകയാണ്.
പത്ത് കിലോ പൊന്നി അരിയും ഒന്നര കിലോ ഉഴുന്ന് പരിപ്പും അമ്പത് ഗ്രാം ഉലുവയും കൊണ്ടാണ് ഇതിന്റെ നിർമ്മാണം. സാധാരണ ഇഡ്ഡലി ചെമ്പിലല്ല ഇവ ഉണ്ടാക്കുന്നത്. മൺപാത്രത്തിന്റെ കഴുത്തിൽ നൂല് തലങ്ങും വിലങ്ങും കെട്ടിവച്ചതിന്റെ മുകളിൽ തുണി വിരിക്കും. അതിനു മുകളിലാണ് മാവ് കോരിയൊഴിക്കുന്നത്. പുളി വിറക് വച്ചാണ് അടുപ്പ് കത്തിക്കുക. മൃദുവായതും ദോശ പോലുള്ളതുമായ ഇഡ്ഡലി റെഡി. ഇതിനിടയിലെ പാചക രഹസ്യം അവർ പറയില്ല. ഇഡ്ഡലിയുടെ നിർമ്മാണരഹസ്യം ഭാഗ്യലക്ഷ്മിയമ്മ അടക്കമുള്ള രാമശ്ശേരിയിലെ അഞ്ചോളം കുടുംബക്കാർക്ക് മാത്രം സ്വന്തം.
സാധാരണ ഇഡ്ഡലി പോലെ വൈകിട്ടാകുമ്പോൾ ഇവ ചീത്തയാകില്ല. രണ്ട് ദിവസം വരെ കേടുകൂടാതെ സൂക്ഷിച്ചു വെയ്ക്കാം.
നല്ല സ്വാദുള്ള രാമശ്ശേരി ഇഡ്ഡലി അതിനൊപ്പം വിളമ്പുന്ന ചമ്മന്തിപ്പൊടിയിലും മറ്റു ചമ്മന്തികളിലും മുക്കി നാവിലേക്ക് വെക്കുമ്പോൾ അസാമാന്യരുചിയാണ്. ഒരിക്കൽ രുചിച്ചവർ പിന്നെ എപ്പോൾ പാലക്കാട് വഴി പോയാലും വണ്ടി രാമശ്ശേരിയിലേക്ക് താനേ തിരിക്കുമെന്ന് ചുരുക്കം.
മേള ലൂ ലാന്റ് ഹോട്ടലിൽ
കെ.ടി.ഡി.സിയുടെ ലൂം ലാന്റ് ഹോട്ടലിൽ രാമശേരി ഇഡ്ഡലി മേള ഇന്ന് തുടങ്ങും. വൈകിട്ട് മൂന്ന് മുതൽ 10 വരെയാണ് മേള.