christmus
കണ്ണൂർ സ്റ്റേഡിയം കോർണറിൽ ക്രിസ്തുമസ് നക്ഷത്ര വിപണികളിലൊന്ന്

കണ്ണൂർ:കൊവിഡ് പ്രതിസന്ധികൾക്കിടയിലും ക്രിസ്തുമസ് വിപണി ഉണർന്നു തുടങ്ങി.ഇത്തവണ പുതുമകളോ വ്യത്യസ്തതകളോ വിപണിയിൽ കാണാൻ സാധിക്കുന്നില്ല.മുൻപത്തെ പോലെ എൽ.ഇ.ഡി നക്ഷത്രം, നിയോൺ നക്ഷത്രം, പേപ്പർ നക്ഷത്രം എന്നിവയാണ് വിപണിയിലുള്ളത്. നക്ഷത്രങ്ങൾക്ക് പുറമെ ക്രിസ്മസ്സ്ട്രീ, തൊപ്പികൾ, അലങ്കാര തോരണങ്ങൾ, മുഖം മൂടികൾ എന്നിവയുമുണ്ട്.
സാന്തക്ലോസിന്റെ ഡ്രസുകൾക്ക് 150 രൂപ മുതലാണ് വില. നക്ഷത്രങ്ങൾ കൂടുതലായും ഇറക്കുമതി ചെയ്യുന്നവയാണ്. എന്നാൽ മുൻ വർഷങ്ങൾ പോലെ കടകളിൽ കൂടുതൽ സ്‌റ്റോക്കുകൾ എത്തിച്ചിട്ടില്ല. നിലവിലുള്ള സ്റ്റോക്ക് വിൽപന നടന്നാൽ പുതിയത് എടുക്കാം എന്നാണ് വിൽപ്പനക്കാരുടെ തീരുമാനം. ക്രിസ്തുമസ് ന്യൂയർ കാർഡുകൾക്കും ആവശ്യക്കാരെത്തുന്നുണ്ട്.
ക്രിസ്തുമസ് ന്യൂയർ പ്രമാണിച്ച് കേക്ക് വിപണിയും സജീവമാണ്.ഒരു കിലോ വരുന്ന കേക്കുകൾക്ക് 600 രൂപ മുതലാണ് വില. സീസൺ കണക്കിലെടുത്ത് വിവിധ നക്ഷത്രങ്ങളും ബലൂണുകളുമായി ഇതര സംസ്ഥാന തൊഴിലാളികളും ജില്ലയിലെത്തിയിട്ടുണ്ട്.

ഓൺലൈനിൽ പപ്പ പൊളിക്കും

സാന്തക്ലോസിന്റെ വേഷവും തൊപ്പിയും ക്രിസ്മസ് ഓൺലൈൻ പരിപാടികൾക്ക് വേണ്ടി ആളുകൾ കൂടുതലായും വാങ്ങുന്നുണ്ടെന്ന് കച്ചവടക്കാർ പറഞ്ഞു.ഇതിന് പുറമെ ക്രിസ്മസ് ട്രീയും റെഡിമെയ്ഡ് പുൽക്കൂടും പ്രിന്റ്ഡ് ബലൂണുകളും വിപണിയിലുണ്ട്. പേപ്പർ നക്ഷത്രങ്ങൾക്ക് 70 മുതൽ 400 രൂപ വരെയാണ് വില. ചെറുത് 30 രൂപ മുതൽ ലഭിക്കും. നിയോൺ നിറങ്ങളിലുള്ള നക്ഷത്രങ്ങൾക്ക് 1350 രൂപ വരെ വിലയുണ്ട്. എൽ.ഇ.ഡി നക്ഷത്രങ്ങൾ 180 മുതൽ 700 വരെയാണ് വില. 180 രൂപ മുതലുള്ള ചെറിയ ക്രിസ്മസ് ട്രീ മുതൽ 3100 രൂപയ്ക്ക് ലഭിക്കുന്ന വലിയ ട്രീകളുമുണ്ട്.

കൊവിഡ് പ്രതിസന്ധി നിലിൽക്കുന്നതു കൊണ്ട് തന്നെ കഴിഞ്ഞ വർഷങ്ങളെ പോലെ കച്ചവടമുണ്ടായിട്ടില്ല.എങ്കിലും നേരിയ ഒരു മാറ്റം വന്നു തുടങ്ങിയിട്ടുണ്ട്.നക്ഷത്രങ്ങൾക്കും സാന്തോക്ലോസിന്റെ വേഷത്തിനും ആവശ്യക്കാരുണ്ട്-

മഹാലക്ഷ്മി സ്റ്റോർ ,സ്റ്റേഡിയം കോർണ്ണർ