
കണ്ണൂർ: കർഷകർക്ക് വേണ്ടാത്ത ബില്ലുകൾ പിൻവലിച്ച് കോർപ്പറേറ്റ് ചൂഷണങ്ങളിൽ നിന്ന് മോചിപ്പിക്കുവാൻ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് കണ്ണൂർ സർവ്വകലാശാലാ സെനറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ഇന്ത്യൻ കർഷകരുടെ അവകാശങ്ങൾ സംരക്ഷിക്കുകയെന്ന പ്രമേയം ഡോ. വി.പി.പി മുസ്തഫയാണ് അവതരിപ്പിച്ചത്.
സർവ്വകലാശാലകളുടെ സ്വയംഭരണാവകാശം സംരക്ഷിക്കപ്പെടണമെന്ന് മറ്റൊരു പ്രമേയത്തിലൂടെ സിൻഡിക്കേറ്റ് അംഗം പ്രമോദ് വെള്ളച്ചാലും ആവശ്യപ്പെട്ടു.ഉന്നത വിദ്യാഭ്യാസം മുന്നോട്ടുവെക്കുന്ന ദർശനങ്ങൾ നടപ്പിൽ വരുത്താൻ സർവകലാശാലകളുടെ സ്വയം ഭരണം സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം നിറവേറ്റണമെന്നു ഭരണാധികാരികളോട് സെനറ്റ് ആവശ്യപ്പട്ടു.
കൊവിഡ് വ്യപന ഭീഷണിയെ തുടർന്ന് ഓൺലൈനായാണ് സെനറ്റ് യോഗം നടന്നത്. വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവിന്ദ്രന്റെ അദ്ധ്യക്ഷതയിലായിരുന്നുയോഗം. ഒരു മണിക്കൂർ നീണ്ട ചോദ്യോത്തര വേളയിൽ സെനറ്റ് അംഗങ്ങൾ 45 ചോദ്യങ്ങൾ ചോദിക്കുകയും എക്‌സ് ഒഫീഷ്യോ അംഗങ്ങൾ മറുപടി പറയുകയും ചെയ്തു. എം.പി ഷനോജ് അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് യോഗം അംഗീകാരം നൽകി.
പ്രൊ വൈസ് ചാൻസലർ ഡോ. പിടി രവീന്ദ്രൻ, രജിസ്ട്രാർ ഇൻ ചാർജ് മുഹമ്മദ് ഇ.വി.പി, സിൻഡിക്കേറ്റ് അംഗങ്ങൾ ഉൾപ്പടെ നാൽപ്പതോളം സെനറ്റ് അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ക്ളാസ് തുടങ്ങുമ്പോൾ കരുതണം കൊവിഡിനെ
അടച്ചിട്ട ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ സർക്കാർ നിർദ്ദേശപ്രകാരം പുതുവർഷാരംഭത്തോടെ തുറന്നു പ്രവർത്തിക്കുന്ന സാഹചര്യത്തിൽ കൊവിഡ് വ്യാപനം തടയാനുള്ള മുൻകരുതലുകൾ സ്വീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആരോഗ്യ പ്രവർത്തകർ, തദ്ദേശഭരണകൂടങ്ങൾ, പി ടി എ, കോളേജ് തല സമിതികൾ എന്നിവരെ ഏകോപിപ്പിച്ചു കൊണ്ട് കർമ്മസമിതികൾ രൂപീകരിച്ച് പ്രവർത്തനം ഉറപ്പു വരുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന പ്രമേയവും സെനറ്റ് അംഗീകരിച്ചു. എം.പി .ഷനോജാണ് അടിയന്തര പ്രമേയത്തിലൂടെ ഇക്കാര്യം അവതരിപ്പിച്ചത്.