കാസർകോട്: മഞ്ചേശ്വരത്ത് കടലിൽ പരിശോധനക്കിടെ രണ്ട് പൊലീസുകാരെ ബോട്ടിൽ തട്ടിക്കൊണ്ടുപോവുകയും പിന്നീട് മംഗളൂരുവിലെ ഹാർബറിൽ ഇറക്കിവിടുകയും ചെയ്ത സംഭവത്തിൽ കർണാടക, തമിഴ്നാട് സ്വദേശികളായ കണ്ടാലറിയാവുന്ന 12 പേർക്കെതിരെ ഷിറിയ തീരദേശ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. പ്രതികളിൽ നാല് പേരെ കണ്ടാലറിയാമെന്നാണ് അന്വേഷണസംഘത്തിന് മുന്നിൽ പൊലീസുകാർ നൽകിയ മൊഴി.

ബോട്ടിൽ വച്ച് ഭീഷണിപ്പെടുത്തുകയും ഫോൺ ചെയ്യാൻ സമ്മതിച്ചില്ലെന്നും ഇവരുടെ പരാതിയിലുണ്ട്. പൊലീസുകാരെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ വെച്ചതിനും അസഭ്യം പറഞ്ഞതിനും ഭീഷണിപ്പെടുത്തിയതിനുമാണ് ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് ഷിറിയ കോസ്റ്റൽ പൊലീസ് എഫ്.ഐ.ആർ തയ്യാറാക്കിയത്. അനധികൃതമായി മത്സ്യബന്ധനം നടത്തുന്ന സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് വിവരം.

തിങ്കളാഴ്ച ഉച്ചയോടെയാണ് ഷിറിയ തീരദേശ സ്റ്റേഷൻ എസ്.ഐ കെ.വി രാജ്കുമാറും സംഘവും മഞ്ചേശ്വരത്ത് കടലിൽ പരിശോധന നടത്തുന്നതിനിടെ സംശയ സാഹചര്യത്തിൽ കണ്ട ബോട്ട് അടുപ്പിക്കാൻ ആവശ്യപ്പെടുകയായിരുന്നു. സിവിൽ പൊലീസ് ഓഫീസർമാരായ രഘുനാഥ്,​ സുധീഷ് എന്നിവർ ഈ ബോട്ടിൽ കയറുകയും ചെയ്തു. എന്നാൽ മഞ്ചേശ്വരം ഹാർബറിന്റെ ഭാഗത്തേക്ക് ഓടിച്ച ബോട്ട് പെടുന്നനെ പൊലീസിന്റെ ബോട്ടിനെ വെട്ടിച്ച് മംഗളൂരു ഭാഗത്തേക്ക് പോകുകയായിരുന്നു. പൊലീസുകാരെ തട്ടിക്കൊണ്ടുപോയെന്ന വിവരം ലഭിച്ചതിന് പിന്നാലെ കാസർകോട് പൊലീസ് മേധാവി ഡി.ശില്പ മംഗളൂരുവിലെ പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയായിരുന്നു. ഒരു മണിക്കൂറിന് ശേഷം മംഗളൂരുവിലെ ഹാർബറിൽ രണ്ടുപൊലീസുകാരേയും ഇറക്കിവിട്ട സംഘം ഇവിടെ നിന്ന് മുങ്ങി. ഹാർബറിൽ നിന്ന് കർണാടക പൊലീസ് മംഗളുരു ഫിഷറീസ് ഓഫീസിൽ എത്തിച്ച ഇവരെ കോസ്റ്റൽ പൊലീസ് എത്തിയാണ് തിരികെ സ്റ്റേഷനിലെത്തിച്ചത്.