തൃക്കരിപ്പൂർ: സർക്കാർ സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണം തൃക്കരിപ്പൂരിൽ പലയിടത്തും പാളിയതായി ഗുണഭോക്താക്കൾ. ഡിസംബർ മാസം അവസാനത്തെ ആഴ്ചയായിട്ടും നവംബർ മാസത്തെ കിറ്റ് ലഭിച്ചില്ലെന്നാണ് ചിലരുടെ പരാതി. എന്നാൽ ഡിസംബർ മാസത്തെ കിറ്റ് ലഭിച്ചിട്ടുമുണ്ട്. കാര്യമന്വേഷിച്ചെത്തുന്ന കാർഡുടമകളോട് നവംബറിലെ അലോട്ട്മെന്റ് വന്നിട്ടില്ലെന്നാണ് റേഷൻ ഷോപ്പ് ഉടമകളുടെ മറുപടി. തൃക്കരിപ്പൂർ പഞ്ചായത്തിലെ 83, 85, 87 എന്നീ റേഷൻ ഷോപ്പിലെ കാർഡുടമകൾക്കാണ് നവംബർ കിറ്റ് ലഭിക്കാതായിട്ടുള്ളത്.
മുൻഗണനാ വിഭാഗത്തിലും മുൻഗണനേതര വിഭാഗത്തിലുമായി നാല് തരം വിഭാഗങ്ങൾക്കും സൗജന്യ കിറ്റ് നല്കിവരുന്നുണ്ട്. നവംബറിലെ കിറ്റ് കൊടുക്കാതെ ഡിസംബറിലെ കിറ്റ് വിതരണം ചെയ്യുന്ന നടപടി തലതിരിഞ്ഞ നയമാണെന്ന് സാധാരണക്കാർ പറയുന്നത്. നവംബറിലെ കിറ്റ് പിന്നീട് നഷ്ടപ്പെടുമോയെന്ന ആശങ്കയുമുണ്ട്. പഞ്ചായത്തിലെ മറ്റെല്ലാ റേഷൻ ഷോപ്പിലെയും കാർഡുടമകൾക്ക് കൃത്യമായി കിറ്റ് ലഭിക്കുന്നുണ്ടെങ്കിലും, മേൽപ്പറഞ്ഞ റേഷൻ ഷോപ്പുകളിലെ നൂറുകണക്കിന് കുടുംബങ്ങൾക്ക് നവംബറിലെ കിറ്റ് ലഭിച്ചില്ലെന്നതാണ് ഇവർക്ക് സംശയം.
മാവേലി സ്റ്റോറിലെ വീഴ്ചയോ?
കുറ്റമറ്റ രീതിയിൽ പലവ്യഞ്ജനങ്ങൾ വിതരണം ചെയ്ത തൃക്കരിപ്പൂരിലെ മറ്റെല്ലാ റേഷൻ ഷോപ്പുകളിലേക്കും കിറ്റെത്തിക്കുന്നത് തൃക്കരിപ്പൂരിലെ തന്നെ മാവേലി സ്റ്റോർ വഴിയാണ്. എന്നാൽ തങ്കയത്തെ 87 നമ്പർ റേഷൻ ഷോപ്പിലേക്ക് കിറ്റ് സപ്ലൈ ചെയ്യുന്നത് ഉദിനൂർ മാവേലി സ്റ്റോറിൽ നിന്നുമാണ്. 83, 85 റേഷൻ ഷോപ്പുകളിൽ കിറ്റെത്തിക്കുന്നത് കരിവെള്ളൂർ മാവേലി സ്റ്റോറിൽ നിന്നും. ഈ സ്ഥാപനങ്ങളുടെ വീഴ്ചയാണ് നവംബർ മാസത്തെ സൗജന്യ ഭക്ഷ്യകിറ്റ് മുടങ്ങിയതിന് കാരണമെന്നാണ് നാട്ടുകാരുടെ ആക്ഷേപം. മറ്റ് റേഷൻ ഉൽപ്പന്നങ്ങൾ ഏതു റേഷൻ ഷോപ്പിൽ നിന്നും കാർഡുടമകൾക്ക് ലഭിക്കും. എന്നാൽ സൗജന്യ കിറ്റ് അതാത് റേഷൻ ഷോപ്പിൽ നിന്നു മാത്രമേ ലഭിക്കുകയുള്ളൂ.
സിവിൽ സപ്ളൈസ് കോർപ്പറേഷന്റെ ഡിപ്പോ വഴിയാണ് സൗജന്യ കിറ്റ് വിതരണം നടത്തുന്നത്. നവംബർ മാസത്തെ കിറ്റ് വിതരണം പൂർത്തിയാകുന്നതിന് മുൻപ് ക്രിസ്തുമസ് പ്രമാണിച്ച് ഡിസംബറിലെ കിറ്റ് വിതരണം ചെയ്തു. ഫലത്തിൽ നവംബറിലെ കിറ്റ് വിതരണം പൂർത്തിയാക്കാൻ കഴിഞ്ഞില്ല.
അജിത
റേഷനിംഗ് ഇൻസ്പെക്ടർ, തൃക്കരിപ്പൂർ