kamuk
തിരുമേനിയിൽ കാട്ടുപന്നി കുത്തിനശിപ്പിച്ച കമുകിൻ തൈ

ചെറുപുഴ: നട്ടുനനച്ചതിന്റെ വിളവെടുക്കാൻ കഴിയാതെ പരിദേവനവുമായി മലയോരകർഷകർ.കപ്പയും ചേനയും ചേമ്പുമെല്ലാം കുത്തിപ്പറിച്ചും പിഴുതിട്ടും തീർക്കുമ്പോൾ എല്ലുമുറിയെ പണിഞ്ഞാൽ ഒരു പ്രയോജനവുമില്ലെന്ന് തിരിച്ചറിയുകയാണ് മറ്റ് മലയോരമേഖലയിലെന്ന പോലെ ചെറുപുഴ പഞ്ചായത്തിലെ കർഷകരും.

കാട്ടുപന്നി, മുളളൻപന്നി, കുരങ്ങ്, മയിൽ എന്നിവയാണ് ഈ കൃഷിയിടങ്ങളെ വെളുപ്പിക്കുന്നത്. കാട്ടുപന്നികൾ ഒറ്റയിറക്കത്തിൽ തന്നെ ഒരു പ്രദേശത്തെ കൃഷി മുഴുവൻ നശിപ്പിക്കുകയാണ്.കിഴങ്ങുവർഗങ്ങൾക്ക് പുറമെ കമുക്, തെങ്ങ്, റബ്ബർ തൈകളും കുത്തിമറിച്ച് നശിപ്പിക്കുകയാണ്.

ചെറുപുഴ പഞ്ചായത്തിലെ രാജഗിരി , ജോസ് ഗിരി, താബോർ, ചട്ടിവയൽ,മരുതുംപാടി, മുതുവം, തിരുമേനി, കോറാളി, പെരുവട്ടം, ചൂരപ്പടവ്, കൂമ്പൻകുന്ന് തുടങ്ങിയ മിക്ക പ്രദേശങ്ങളിലും വന്യമൃഗങ്ങളെ കൊണ്ട് പൊറുതിമുട്ടിലാണ്.. വിളവെടുക്കാറായതോടെയാണ് ഇവയുടെ ശല്യം കൂടുതലായത്. വ്യാപകമായി കൃഷിയിറക്കിയ കർഷകർ കടുത്ത നിരാശയിലാണ്.കഴിഞ്ഞ ദിവസം മാത്രം തിരുമേനിയിലെ ഇല്ലത്തുപറമ്പിൽ അഗസ്റ്റ്യന്റെ അൻപതോളം കമുകിൻ തൈകളാണ് കാട്ടുപന്നികൾ നശിപ്പിച്ചത്.

ഇടക്കര റോയിയുടെ ഒരേക്കർ സ്ഥലത്ത് കൃഷി ചെയ്ത 800 ഓളം കാട്ടുകടുക്ക തൈകൾ കാട്ടുപന്നികൾ നശിപ്പിച്ചു. ഒരു വർഷം പ്രായമായ കവുങ്ങ് തൈകളാണ് കാട്ടുപന്നികൾ കുത്തി മറിച്ചും തിന്നും നശിപ്പിച്ചത്.

ഇളനീർ കള്ളന്മാരുമുണ്ട്
പഴയങ്ങാടി:കണ്ണപുരം അയ്യോത്ത്,മടക്കര പ്രദേശങ്ങളിൽ വവ്വാലുകൾ വ്യാപകമായി ഇളനീർ നശിപ്പിക്കുന്നതായി കർഷകർ പറയുന്നു. കണ്ണപുരം,അയ്യോത്ത്, ആയിരം തെങ്ങ്, തെക്കുമ്പാട്, മടക്കര, ഇരിണാവ് പ്രദേശങ്ങളിലാണ് വവ്വാലുകൾ ഇളനീരും, മച്ചിങ്ങയും നശിപ്പിക്കുന്നത്. തെങ്ങ് കർഷകർക്ക് ഇത് തിരിച്ചടിയായിരിക്കുകയാണ്.തേങ്ങയാകുന്നതിന് മുൻപ് വവ്വാലുകൾ നശിപ്പിക്കുന്നത് വ്യപകമായിട്ടുണ്ട്. പകൽ സമയം കണ്ടൽകാടുകൾക്കിടയിൽ ചേക്കേറുന്ന വവ്വാലുകൾ രാത്രിയാലാണ് ആക്രമണം നടത്തുന്നത് . പ്രശ്നത്തിന് പരിഹാരം കാണാൻ കൃഷി വകുപ്പ് മന്നോട്ട് വരണം എന്ന് അയ്യോത്തെ കർഷകൻ വെളത്തേരി ചന്ദ്രൻ പറഞ്ഞു. കൃഷി വകുപ്പിന്റെ ഇടപെടൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ. പടം: വവ്വാലുകൾ നശിപ്പിച്ച ഇളനീരുകൾ