കൊട്ടിയൂർ: ചുങ്കക്കുന്ന് പൊട്ടംതോടിലുള്ള വീടുകളിലേക്കും പശു ഫാമുകളിലേക്കും മിനിലോറിയിൽ കൊണ്ടുവരികയായിരുന്ന വൈക്കോലിന് തീപിടിച്ച് ലോറി പൂർണ്ണമായും കത്തി നശിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. വൈക്കോൽ കയറ്റി പൊട്ടംതോട് ടൗണിലെ കലുങ്ക് കടക്കുന്നതിനിടെ വൈദ്യുതി കമ്പിയിൽ തട്ടി വൈക്കോലിന് തീ പിടിക്കുകയായിരുന്നു.

വാഹനം നിർത്തി തീ പിടിച്ച ഭാഗത്തെ വൈക്കോൽ റോഡിലേക്ക് തള്ളിയിട്ട് വാഹനം വീണ്ടും മുന്നോട്ട് എടുത്തുവെങ്കിലും തീ ആളിപ്പടരുകയായിരുന്നു. പേരാവൂരിൽ നിന്നെത്തിയ അഗ്നിശമന സേനയും കേളകം പൊലീസും നാട്ടുകാരും ചേർന്ന് മണിക്കൂറോളം നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ തീ അണച്ചു. എന്നാൽ ലോറി പൂർണമായും കത്തി നശിച്ചു. കൊട്ടിയൂർ സ്വദേശി ഞാവള്ളിക്കുന്നേൽ റെജി തോമസിന്റെ പേരിലുള്ളതാണ് വാഹനം. മൈസൂരിൽ നിന്ന് വൈക്കോൽ കയറ്റി വരികയായിരുന്നു.