കാഞ്ഞങ്ങാട്: സമഗ്ര വികസനം ലക്ഷ്യമിട്ട് സമീപ പഞ്ചായത്തുകളെ കൂടി ഉൾപ്പെടുത്തി കാഞ്ഞങ്ങാട് നഗരസഭ കോർപ്പറേഷനായി ഉയർത്തണമെന്ന് നഗരവികസന കർമ്മസമിതി ആവശ്യപ്പെട്ടു. കോർപ്പറേഷൻ രൂപീകരണം സംബന്ധിച്ച് പഠനത്തിനായി സ്പെഷ്യൽ ഓഫീസറെ നിയമിക്കണമെന്ന് സമിതി യോഗം അഭ്യർത്ഥിച്ചു. ജില്ലാ ആശുപത്രി മുഴുവൻ സ്പെഷ്യാലിറ്റി സംവിധാനവും ഉൾപ്പെടുത്തി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയർത്താനും തൊയമ്മലിൽ ജില്ലാ ആശുപത്രിക്ക് സമീപത്തെ സബ് ജയിൽ മറ്റൊരിടത്തേക്ക് മാറ്റി ജയിലിന്റെ സ്ഥലം കൂടി ജില്ലാ ആശുപത്രി വികസനത്തിന് പ്രയോജനപ്പെടുത്തണമെന്നും സമിതി പറഞ്ഞു.

കാഞ്ഞങ്ങാട് - കാണിയൂർ പാത യാഥാർത്ഥ്യമാക്കാൻ ഫലപ്രദമായ നടപടികളെടുക്കണമെന്നും ആവശ്യപ്പെട്ടു. വിഷയങ്ങൾ 26-ന് കാഞ്ഞങ്ങാട്ടെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയിൽ പെടുത്താൻ തീരുമാനിച്ചു. ചെയർമാൻ അഡ്വ: പി.അപ്പുക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ സി. യൂസഫ്ഹാജി, സി.എ പീറ്റർ , ടി. മുഹമ്മദ് അസ്ലം, കുഞ്ഞിക്കണ്ണൻ കക്കാണത്ത്, എ. ദാമോദരൻ, എം. വിനോദ്, ബി. സുകുമാരൻ, എ. ഹമീദ് ഹാജി, അജയ് കുമാർ നെല്ലിക്കാട് സംസാരിച്ചു. ബ്ളോക്ക് പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നഗരവികസനസമിതിയംഗം എ.ദാമോദരനെ യോഗം അനുമോദിച്ചു. സമിതി വൈസ് ചെയർമാനായിരുന്ന എ.വി.രാമകൃഷ്ണൻ, സോഷ്യലിസ്റ്റും ഗ്രന്ഥകാരനുമായിരുന്ന കെ.സി. ഭാസ്കരൻ എന്നിവരുടെ വേർപാടിൽ അനുശോചിച്ചു.