photo
സ്വർണ്ണ വർണ്ണമണിഞ്ഞ മാടായിപ്പാറ.

പഴയങ്ങാടി: ഋതുഭേദങ്ങളുടെ മാറ്റങ്ങളിലൂടെ വിസ്മയം തീർക്കുന്ന മാടായിപ്പാറയാകെ സ്വർണ്ണ വർണ്ണമണിഞ്ഞിരിക്കുകയാണ്. കടുത്ത വേനലിന്റെ സൂര്യതാപമേറ്റ് കരിഞ്ഞുണങ്ങിയ പുൽമേടുകളാണ് സ്വർണ്ണനിറം തീർത്തിരിക്കുന്നത്. ഏത് കാലാവസ്ഥയിലും വ്യത്യസ്തങ്ങളായ കാഴ്ചയാണ് മാടായിപ്പാറക്കുള്ളത് .

വർഷാരംഭത്തിൽ സ്വർണ്ണ വർണ്ണമണിഞ്ഞും കർക്കിടകത്തിൽ കാക്കപ്പൂക്കൾ വിരിഞ്ഞ് നീലപ്പരവതാനി വിരിച്ചും കണ്ണിന് കുളിരേകുന്ന മാടായിപ്പാറ ജൈവ വൈവിധ്യങ്ങളുടെ കലവറയാണ്. ഉത്തരകേരളത്തിലെ ഉൾനാടൻ കുന്നുകളിൽ ഏറെ പ്രശസ്തമായ മാടായിപ്പാറ നിരവധി ചരിത്ര മുഹൂർത്തങ്ങളുടെ സാക്ഷി കൂടിയാണ്. 600 ഏക്കറോളം പരന്നു കിടക്കുന്ന മാടായിപ്പാറ സമുദ്രനിരപ്പിൽ നിന്നും 120 അടി ഉയരത്തിലാണ്. പാറയുടെ സമീപത്ത് കൂടി കടന്നു പോകുന്ന പുഴകളും അറബിക്കടലിന്റെയും ഏഴിമലയുടെയും സാമീപ്യവും ജലസമൃദ്ധി കാത്തുസൂക്ഷിക്കുന്നവയാണ്.

അപൂർവ്വങ്ങളായ പക്ഷികൾ,ചിത്രശലഭങ്ങൾ, ഔഷധസസ്യങ്ങൾ, പുൽച്ചെടികൾ, ചെറുതവളകൾ, ആമ്പലുകൾ, ഏത് വേനലിലും വറ്റാത്ത വടുകുന്ദ തടാകം എന്നിവകൂടാതെ ചതുരക്കിണർ, മാടായിക്കോട്ട, ജൂതക്കുളം തുടങ്ങിയ ചരിത്ര സ്മാരകങ്ങളും മാടായിപ്പാറയുടെ പ്രത്യേകതയാണ്.

പാറ സ്വർണ്ണ വർണ്ണമണിഞ്ഞതോടെ സന്ദർശകരുടെ വരവും വർദ്ധിച്ചിട്ടുണ്ട്. പകൽ ചൂടുകൂടിയതോടെ പാറയിൽ അടിക്കടി ഉണ്ടാകുന്ന തീപിടുത്തം ജൈവ വൈവിധ്യങ്ങളുടെ നാശത്തിന് വഴിവയ്ക്കുമോയെന്ന ആശങ്കയും ഇതോടൊപ്പമുയരുന്നുണ്ട്. പാറയുടെ സംരക്ഷണത്തിനായി മാടായിപ്പാറ സംരക്ഷണ സമതി, സേവ് മാടായിപ്പാറ തുടങ്ങിയ സംഘടനകൾ ഉണ്ടെങ്കിലും സന്ദർശകരുടെ എണ്ണം കൂടുന്നതിനനുസരിച്ച് പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടുന്നത് ജൈവ വ്യവസ്ഥിതിക്ക് വെല്ലുവിളി ഉയർത്തുന്നുണ്ട്.