life-guard

കണ്ണൂർ: കൊവിഡ് ഭീതിയെ തുടർന്ന് അടച്ചിട്ട ബീച്ചുകൾ തുറന്നതോടെ കുട്ടികളടക്കമുള്ളവർ ജാഗ്രത വിട്ട് കടലിൽ ഇറങ്ങുന്നത് ദുരന്തങ്ങളെ ക്ഷണിച്ചുവരുത്തുന്നു. ഇത്തരത്തിൽ കഴി‌ഞ്ഞദിവസം തോട്ടട അഴിമുഖത്ത് കളിക്കുന്നതിനിടെ രണ്ട് കുട്ടികളാണ് കടലിൽ ഒഴുക്കിൽപെട്ട് മരിച്ചത്.

ബീച്ചിലെത്തുന്നവരുടെ ജാഗ്രതക്കുറവാണ് ഇത്തരത്തിലുള്ള ദുരന്തങ്ങൾക്ക് വഴി വയ്ക്കുന്നത്. കൊവിഡ് സാഹചര്യത്തിൽ നിലവിൽ മുതിർന്നവരും കുട്ടികളും ഉൾപ്പെടെ മതിയായ ശ്രദ്ധ ചെലുത്താതെയാണ് കടലിൽ ഇറങ്ങുന്നത്. കൊവിഡ് ഭീതി നിലനിൽക്കെ കടലിൽ ഇറങ്ങി കുളിക്കുവാനോ കളിക്കുവാനോ പാടില്ല. മുതിർന്നവരും കുട്ടികളും ഒരു പോലെ കടലിൽ ഇറങ്ങിയാണ് വിനോദങ്ങളിൽ ഏർപ്പെടുന്നത്. അതുകൊണ്ടുതന്നെ ബാൾ എടുക്കാൻ പോകുന്നതിനിടെ ഒഴുക്കിൽപെട്ട് മരിച്ച സംഭവങ്ങളടക്കം ആവർത്തിക്കുകയാണ്.

ഇത്തരത്തിൽ പയ്യാമ്പലത്ത് ഒരുമിച്ച് നാലു പേരാണ് അടുത്തദിവസങ്ങളിൽ അപകടത്തിൽ പെട്ട് മരിച്ചത്. ജില്ലയിൽ എട്ടിക്കുളം ബീച്ച്,ചൂട്ടാട് ബീച്ച്, മീൻകുന്ന് ചാൽ ബീച്ച് എന്നിവിടങ്ങളിലൊന്നും ആളുകൾ ഒട്ടും തന്നെ ജാഗ്രത കാണിക്കാത്ത സ്ഥിതിയാണ്. എട്ടിക്കുളം ബീച്ചിൽ വൈകീട്ട് ഏറെ നേരം യാതൊരു നിയന്ത്രണവും ഇല്ലാതെ കുട്ടികൾ ബാൾ ഗെയിമുകളിൽ ഏർപ്പെടുന്നത് സ്ഥിരം കാഴ്ചയാണ്.

ലൈഫ് ഗാർഡില്ല

ലൈഫ് ഗാർഡ് ഉൾപ്പെടെയുള്ള മതിയായ സുരക്ഷ ഉറപ്പു വരുത്താതെ അധികൃതരും കടുത്ത അനാസ്ഥയാണ് കാണിക്കുന്നത്. നിലവിൽ ബീച്ചുകളിൽ ആളുകളെ നിയന്ത്രിക്കാൻ ആരും ഇല്ലാത്ത സ്ഥിതിയാണ്. നിരവധി ആളുകൾ എത്തുന്ന ചൂട്ടാട് ബീച്ച്, എട്ടിക്കുളം ബീച്ച്, ചാൽ ബീച്ച് എന്നിവിടങ്ങളിൽ ലൈഫ് ഗാർഡുകളെ നിയമിച്ചിട്ടേയില്ല. രണ്ട് കുട്ടികൾ മരണപ്പെട്ട തോട്ടട അഴിമുഖത്ത് ഉൾപ്പെടെ യാതൊരു നിയന്ത്രണവുമില്ല. പയ്യാമ്പലം ബീച്ചിൽ 20 ലൈഫ് ഗാർഡുകളെ നിയമിക്കേണ്ട സ്ഥാനത്ത് വെറും അഞ്ച് പേരെ മാത്രമാണ് നിയമിച്ചിട്ടുള്ളത്.

ശനി, ഞായർ ദിവസങ്ങളിൽ 5000 ന് അടുത്ത് ആളുകളും മറ്റ് ദിവസങ്ങളിൽ ആയിരത്തിനടുത്ത് ആളുകളും പയ്യാമ്പലം ബീച്ചിൽ എത്തുന്നുണ്ട്. ജില്ലയിൽ ആകെ 12 ലൈഫ് ഗാർഡുകൾ മാത്രമാണ് നിലവിലുള്ളത്. നിയന്ത്രിക്കാൻ ആരും ഇല്ലാത്തതുകൊണ്ട് തന്നെ കുട്ടികളും മുതിർന്നവരും പരിധിവിട്ടാണ് ബീച്ചുകളിൽ കളിക്കുന്നത്.

കൊവിഡ് കണക്കിലെടുത്ത് ബീച്ചിലെത്തുന്നവർ ജാഗ്രത പാലിച്ചേ മതിയാകു. കടലിൽ കുളിക്കുവാനോ കളിക്കുവാനോ പാടില്ല. ഫുട്ബാൾ ഉൾപ്പെടെയുള്ള വിനോദങ്ങൾ കരയിൽ മാത്രം ഒതുക്കണം. കൊവിഡ് സാഹചര്യത്തിൽ രക്ഷാ പ്രവർത്തനങ്ങളും പരിമിതമായിരിക്കുമെന്ന് ആളുകൾ മനസ്സിലാക്കണം.

ചാൾസൺ ഏഴിമല, ലൈഫ് ഗാർഡ്