ബങ്കളം (കാസർകോട് ): ബങ്കളത്തെ കക്കാണൻ അശോകൻ 18 വർഷമായി ബങ്കളം ടൗണിൽ ഓട്ടോറിക്ഷ ഓടിച്ചാണ് കുടുംബം പുലർത്തിയിരുന്നത്. കൊവിഡ് വന്നതോടെ ഓട്ടോജീവിതം മുഴുവൻ താറുമാറായി. ഓട്ടോയിൽ കയറാനും യാത്ര പോകാനും ആളില്ലാതായതോടെ കഞ്ഞികുടി മുട്ടി. മാസങ്ങളായി പണിയില്ലാതെ വലഞ്ഞപ്പോഴാണ് തത്കാലം പിടിച്ചുനിൽക്കാൻ വെള്ളരിക്കൃഷി ചെയ്യാമെന്ന ആശയം അശോകനിൽ ഉണ്ടായത്.
ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു സമീപത്തുനിന്നും മുന്തിയ ഇനം വെള്ളരിവിത്ത് സംഘടിപ്പിച്ചു. ബങ്കളത്തെ വീട്ടിനടുത്തുള്ള മടിയൻ കുഞ്ഞമ്പു നായരുടെ സ്ഥലം ചോദിച്ചു വാങ്ങി അവിടെ തടമെടുത്തു. കഴിഞ്ഞ ഒക്ടോബറിൽ വെള്ളരി നട്ടു. വിത്തിടാനും വെള്ളം ഒഴിക്കാനും വളം ചേർക്കാനും അമ്മ തമ്പായിയും ഭാര്യ ദീപയും സഹായിച്ചു. രണ്ടര മാസം കൊണ്ട് വെള്ളരി വിളവെടുത്തപ്പോൾ രമേശനിലും കുടുംബത്തിലും ആഹ്ലാദം പുഷ്പിച്ചു. കിട്ടിയത് മികച്ച വിളവ്.
ക്വിന്റൽ കണക്കിന് ലഭിച്ചവെള്ളരി 20 രൂപ നിരക്കിൽ ബങ്കളം ടൗണിലെ കടകളിൽ തന്നെ മൊത്തമായി വിറ്റഴിക്കാനും കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് അശോകനും കുടുംബവും. വെള്ളരിക്കൊപ്പം ചെയ്ത കക്കിരി കൃഷിയിലും നല്ലവിളവുകിട്ടി. കൃഷി അന്നം തരുമെന്ന് തിരിച്ചറിഞ്ഞ അശോകൻ ഈ രംഗത്ത് സജീവമാകാനാണ് ആഗ്രഹിക്കുന്നത്. വെള്ളരി വിളവെടുപ്പ് മടിക്കൈ പഞ്ചായത്ത് പത്താം വാർഡ് മെമ്പർ വി. പ്രകാശൻ ഉദ്‌ഘാടനം ചെയ്തു .
ചാണകപ്പൊടി, വെണ്ണീർ, കടലപ്പിണ്ണാക്ക്. ആട്ടിൻ ചാണകം തുടങ്ങിയ ജൈവവളം മാത്രം നൽകിയാണ് വെള്ളരിക്കൃഷി നടത്തിയത്. കീടനാശിനി ഒന്നും ഉപയോഗിച്ചിരുന്നില്ല. നല്ല വിളവാണ് കിട്ടിയത് .
കക്കാണൻ അശോകൻ ബങ്കളം.