photo
വാടിക്കൽകടവ്- മാട്ടൂൽ റോഡ് റീ ടാറിംഗ് ആരംഭിച്ചപ്പോൾ

പഴയങ്ങാടി: വാടിക്കൽകടവ്-മാട്ടൂൽ റോഡിൽ റീ ടാറിംഗ് ആരംഭിച്ചു. ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള റോഡ് മൂന്ന് വർഷം മുമ്പ് ടാറിംഗ് നടത്തിയിരുന്നുവെങ്കിലും അശാസ്ത്രീയമാണെന്ന് ആരോപണമുയർന്നിരുന്നു. ടാറിംഗിനോടൊപ്പം ഓവുചാൽ നിർമ്മിക്കണമെന്നുണ്ടായിരുന്നെങ്കിലും കരാറുകാരൻ ഇത് പാലിച്ചില്ലെന്നാണ് നാട്ടുകാരുടെ പരാതി.

ഓവുചാലുകൾ പിന്നീട് നിർമ്മിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പരാതി ഉയർന്നപ്പോൾ പറഞ്ഞിരുന്നുവെങ്കിലും പിന്നീട് ഒന്നും യാഥാർത്ഥ്യമായില്ല. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വാടിക്കൽ കടവ് പൗരസമിതി കഴിഞ്ഞ വർഷം ജില്ലാ പഞ്ചായത്ത് മുൻ അംഗം അൻസാരി തില്ലങ്കേരിക്ക് കത്ത് നൽകിയിരുന്നു. ഇദ്ദേഹത്തിന്റെ ശ്രമഫലമായിട്ടാണ് ഫണ്ട് അനുവദിച്ചതും ഇപ്പോൾ റീടാറിംഗ് ആരംഭിച്ചതും.

പഴയങ്ങാടിയിലെ സ്വകാര്യ ആശുപത്രികൾ, താലൂക്ക് ആശുപത്രി, പരിയാരം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരുവാൻ മാട്ടൂൽ, വാടിക്കൽകടവ് പ്രദേശവാസികൾ ആശ്രയിക്കുന്ന റോഡാണിത്. മാട്ടൂലിൽ നിന്ന് പഴയങ്ങാടിയിലേക്ക് കുറഞ്ഞ ദൂരത്തിൽ യാത്ര ചെയ്യാവുന്ന റോഡാണ് ഇത്. 70ലക്ഷം രൂപ ചെലവിലാണ് റീ ടാറിംഗ് നടക്കുന്നത്.