തളിപ്പറമ്പ്: ആന്തൂർ മോറാഴയിൽ സേവാഭാരതി പ്രവർത്തകന്റെ വീടിന് ബോംബേറ് നടന്ന സംഭവത്തെ തുടർന്ന് തളിപ്പറമ്പ് പൊലീസ്, ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. പൊട്ടാതെ കണ്ടെത്തിയ ബോംബ് നിർവീര്യമാക്കി.

കൂഴിച്ചാലിലെ സേവാഭാരതി യൂണിറ്റ് പ്രസിഡന്റ് സി.എച്ച് നികേഷിന്റെ വീടിന് നേരെയാണ് ചൊവ്വാഴ്ച രാത്രി 8.30 ഓടെ ബൈക്കിലെത്തിയ സംഘം ബോംബ് എറിഞ്ഞത്. വീടിനു മുന്നിൽ കെട്ടിയ താർപൊളിൻ ഷീറ്റിൽ തട്ടി വീടിന്റെ മുറ്റത്തെ മണലിൽ പൊട്ടാതെ പതിക്കുകയായിരുന്നു ബോംബ്. വിവരമറിഞ്ഞ് തളിപ്പറമ്പ് എസ്.ഐ പി.സി സഞ്ജയ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. ബോംബ് സ്‌ക്വാഡ് എസ്.ഐ ശശിധരനെത്തിയാണ് ബോംബ് നിർവീര്യമാക്കിയത്.

തിരഞ്ഞെടുപ്പിന് ശേഷം ആന്തൂരിലെ വിവിധ പ്രദേശങ്ങളിൽ നിരവധി അക്രമ സംഭവങ്ങൾ ഉണ്ടായിരുന്നു. സി.എച്ച് നഗർ ബി.ജെ.പി സ്ഥാനാർത്ഥി സുരേഷിന്റെ വീടിനു നേരെയും ബോംബ് ആക്രമണം നടന്നിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിൽ തളിപ്പറമ്പ് പൊലീസും ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും മോറാഴ കൂളിച്ചാൽ,​ കടമ്പേരി എന്നിവിടങ്ങളിൽ പരിശോധന നടത്തി.