sugathakumari-
സുഗതകുമാരി ടീച്ചർ 14 വർഷം മുമ്പ് കാസർകോട് എത്തിയപ്പോൾ

കാസർകോട്: കാസർകോടിനെയും ഇവിടത്തെ ജനങ്ങളെയും ഏറെ സ്നേഹിച്ചിരുന്നു ഇന്നലെ വിടപറഞ്ഞ കവയിത്രി സുഗതകുമാരി ടീച്ചർ. ജില്ലയുടെ കിഴക്കൻ ഭാഗങ്ങളിലെ ജനങ്ങളിൽ വലിയൊരു വിഭാഗം എൻഡോസൾഫാൻ മൂലം ദുരിതം അനുഭവിക്കുന്നത് ഓർത്ത് ആ കവിഹൃദയം തേങ്ങിയിട്ടുണ്ട്. വിഷമഴ പെയ്യിപ്പിച്ചവരെ നിശിതമായി വിമർശിച്ചിട്ടുമുണ്ട് ടീച്ചർ.

കേരളപ്പിറവി സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 2006 ഡിസംബർ മൂന്നിനാണ് ടീച്ചർ അവസാനമായി കാസർകോട് വന്നത്. ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പെർള നളന്ദ കോളേ്ജിൽ സംഘടിപ്പിച്ച എൻഡോ സൾഫാനും ആരോഗ്യപ്രശ്നങ്ങളും ഏകദിന സെമിനാർ അവർ ഉദ്ഘാടനം ചെയ്തു. പിന്നീട് കാസർകോട് പീപ്പിൾസ് ഫോറം സംഘടിപ്പിച്ച തണൽ മരം സംരക്ഷണ പരിപാടിയിൽ പഴയ ബസ് സ്റ്റാൻഡിനു സമീപം ദേശീയപാതക്ക് എതിർ വശത്ത് റോഡരികിൽ തേൻമാവ് നട്ടു. ആ മാവ് വളർന്നു, പൂത്ത്, കായ്ച്ച് ടീച്ചറുടെ ഓർമ നിലനിർത്തി ഇന്നും തലയെടുപ്പോടെ നിൽക്കുന്നു.

പീപ്പിൾസ് ‌ ഫോറം പ്രസിഡന്റ് പരേതനായ കെ.എസ്.ഇ.ബി. മുൻ ചീഫ് എഞ്ചിനീയർ ഇ. രാഘവൻ നായരുടെ നേതൃത്വത്തിൽ ആണ് ആ ചടങ്ങ് നടത്തിയത്. മുൻ കോളേജ് വിദ്യാഭ്യാസ ഡയരക്ടർ പ്രൊഫ. വി. ഗോപിനാഥിന്റെ ദീർഘനാളത്തെ പരിചയത്തിന്റെ ഭാഗമായാണ് അദ്ദേഹം സുഗതകുമാരി ടീച്ചറെ കാസർകോട്ടേക്ക് ക്ഷണിച്ചു വരുത്തിയത് . സാമൂഹ്യദ്രോഹികൾ വിഷം കുത്തിവെച്ച് നശിപ്പിക്കാൻ തുനിഞ്ഞ മൂന്ന് തണൽ മരങ്ങളിൽ രണ്ടെണ്ണത്തെ പുനരുജ്ജീവിപ്പിക്കാൻ പ്രൊഫ. ടി.സി. മാധവപ്പണിക്കരുടെ നേതൃത്വത്തിൽ പിന്നീട് പീപ്പിൾസ് ഫോറത്തിനായി.

കാഞ്ഞങ്ങാട് മഹാകവി പി. സ്മാരക മന്ദിര പരിസരത്തും സുഗതകുമാരി ടീച്ചറുടെ ഓർമകൾ തങ്ങി നിൽക്കുന്നുണ്ട് . 2010 നവംബർ 30 ന് ടീച്ചർ പി. സ്മാരകം സന്ദർശിച്ചിരുന്നു. സ്മാരക പരിസരത്ത് അവർ നട്ട നെല്ലിമര തൈ ഇന്ന് വളർന്ന് വലുതായിരിക്കുന്നു. അവിടത്തെ സന്ദർശക ഡയറിയിൽ അവർ മഹാകവി കുഞ്ഞിരാമൻ നായരെ കുറിച്ച് എഴുതി കൈയൊപ്പ് ചാർത്തിയത് ഇന്നും മായാതെ കിടപ്പുണ്ട്.