കൂത്തുപറമ്പ്: തൊടീക്കളത്തെ വി.കെ രാകേഷിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. കണ്ണൂർ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി ടി.പി പ്രേമരാജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക. കണ്ണവം പൊലീസ് നടത്തിയ അന്വേഷണം തൃപ്തികരമല്ലെന്നും കൊലപാതകത്തിൽ ഗൂഢാലോചനയുണ്ടെന്നും കാണിച്ച് ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രത്യേക സംഘം അന്വേഷിക്കുന്നത്.
ജൂലായ് 5 ന് പുലർച്ചയോടെയാണ് തൊടീക്കളം യുടിസി കോളനിക്ക് സമീപത്തെ റബ്ബർ തോട്ടത്തിൽ രാഗേഷിനെ (38) വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്. കണ്ണവം പൊലീസ് എത്തി ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമദ്ധ്യേ മരണപ്പെടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കോളനിയിലെ ടി. രവീന്ദ്രൻ (32) , പി.ബാബു (30) എന്നിവരെ കണ്ണവം സി.ഐ സുധീർ, എസ്.ഐ പ്രശോഭ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു . കേസിലെ കുറ്റപത്രം അന്വേഷണോദ്യോഗസ്ഥർ ഇതിനകം കൂത്തുപറമ്പ് കോടതിയിൽ സമർപ്പിച്ചിരുന്നു. ഇവിടെ നിന്നും കേസ് തലശ്ശേരി സെഷൻസ് കോടതിയിലേക്ക് കമ്മിറ്റ് ചെയ്തിട്ടുണ്ട് . കുറ്റപത്രം സമർപ്പിച്ചതിനാൽ കോടതിയുടെ അനുമതിയോടെയായിരിക്കും കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുക.