കണ്ണൂർ: കൊവിഡ് വാക്സിൻ ലഭ്യമായാലുടൻ വിതരണത്തിനുള്ള മുന്നൊരുക്കങ്ങൾ ജില്ലയിൽ ആരംഭിച്ചു. വാക്സിനേഷന്റെ വിവിധ മേഖലകളിലുള്ള പരിശീലന പരിപാടിയും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടന്നു. പരിശീലന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ മെഡിക്കൽ ഓഫീസർ നിർവഹിച്ചു. വാക്സിൻ സംഭരണം, വിതരണം, വാക്സിനേഷന്റെ സംഘാടനം, പരിശോധനയും മേൽനോട്ടവും, ആശയ വിനിമയവും മീഡിയ മാനേജ്‌മെന്റും എന്നീ വിഷയങ്ങളിലാണ് ഉദ്യോഗസ്ഥർക്ക് ഓൺലൈൻ പരിശീലനം നൽകിയത്.
മൂന്ന് ഘട്ടങ്ങളിലായാണ് വാക്സിനേഷൻ ആസൂത്രണം ചെയ്തിട്ടുള്ളത്. ആദ്യഘട്ടത്തിൽ സർക്കാർ സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവർത്തകർക്ക് മാത്രമായിരിക്കും വാക്സിൻ നൽകുക. ഇതിനായി 22,773 ആരോഗ്യ പ്രവർത്തകരുടെ രജിസ്‌ട്രേഷൻ ഇതിനകം പൂർത്തിയാക്കി. രണ്ടാംഘട്ടത്തിൽ കൊവിഡുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മുൻനിര പ്രവർത്തകർക്കും, തുടർന്ന് 50 വയസിന് മുകളിൽ പ്രായമുള്ളവർക്കും, ജീവിത ശൈലീ രോഗങ്ങളുള്ളവർക്കും വാക്സിൻ നൽകും. അടുത്ത ഘട്ടത്തിലാണ് മറ്റെല്ലാ വിഭാഗങ്ങളെയും പരിഗണിക്കുക. വാക്സിൻ വിതരണത്തിന് എത്തിയാലും നിലവിലുള്ള കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം.
പരിശീലന പരിപാടിയിൽ ജില്ലാ ആർ.സി.എച്ച് ഓഫീസർ ഇൻചാർജ് ഡോ. ബി സന്തോഷ്, കൊവിഡ്19 ജില്ലാ നോഡൽ ഓഫീസർ ഡോ. വസു ആനന്ദ്, ജില്ലാ മാസ് മീഡിയ ഓഫീസർ ഹംസ ഇസ്മാലി, എം.സി.എച്ച് ഓഫീസർ എം.സി തങ്കമണി, യു.എൻ.ഡി.പി ജില്ലാ മാനേജർ ആർ. അഭിലാഷ്, റഫ്രിജറേഷൻ മെക്കാനിക് സി. മിഥുൻ എന്നിവർ ക്ലാസുകളെടുത്തു.
വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെയും സാമൂഹിക പങ്കാളിത്തോടെയും ആയിരിക്കും വാക്സിനേഷന്റെ ഓരോ ഘട്ടവും പൂർത്തീകരിക്കുക.
ഡോ. കെ നാരായണ നായ്ക്, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം)
ആദ്യഘട്ടം
സർക്കാർ -സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവർത്തകർക്ക്
രണ്ടാംഘട്ടം
കൊവിഡുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മുൻനിര പ്രവർത്തകർക്ക്
മൂന്നാം ഘട്ടം
മറ്റെല്ലാ വിഭാഗങ്ങളെയും പരിഗണിക്കും