നീലേശ്വരം: 1957ലെ ഇ.എം.എസ് സർക്കാർ വിഭാവനം ചെയ്ത തേജസ്വിനിപ്പുഴയിലെ പാലായി ഷട്ടർ കം ബ്രിഡ്ജ് പൂർത്തിയാകുന്നു. ഇന്നത്തെ രീതിയിൽ പണി പുരോഗമിക്കുകയാണെങ്കിൽ 2021 ഫെബ്രുവരിയിൽ റഗുലേറ്റർ കം ബ്രിഡ്ജ് നാട്ടുകാർക്ക് തുറന്നുകൊടുക്കും. മലബാറിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാൻ നിയോഗിക്കപ്പെട്ട ചന്ദ്രഭാനു കമ്മിഷന്റെ സുപ്രധാന നിർദ്ദേശമാണ് നീണ്ട കാത്തിരിപ്പിനൊടുവിൽ പൂർത്തിയാകുന്നത്.
2018 ഒക്ടോബർ 15ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്ത പ്രവൃത്തി ഏറെക്കുറെ പൂർത്തിയായിരിക്കുകയാണ്. 60 കോടി രൂപ ചിലവിൽ നബാർഡിന്റെ സഹായത്തോടെയാണ് പാലായി റഗുലേറ്റർ കം ബ്രിഡ്ജ് പണി ആരംഭിച്ചത് .
17 സ്പാനുകളുള്ള പാലത്തിന് 7.50 മീറ്റർ വീതിയാണുള്ളത്. 52. 50 കോടി രൂപയുടെ ഇറിഗേഷൻ വർക്കും 8 കോടി രൂപയുടെ മെക്കാനിക്കൽ വർക്കുമാണുള്ളത്. പാലത്തിന്റെ സമീപ റോഡിന്റെ പാലായി ഭാഗത്തുള്ള പണി പൂർത്തിയായി. കയ്യൂർ ഭാഗത്തുള്ള സമീപന റോഡിന്റെ പണി അന്തിമഘട്ടത്തിലാണ്. 17 ഷട്ടറുകളുള്ളതിൽ 10 എണ്ണം ഘടിപ്പിക്കുന്ന പണി നടന്നു കൊണ്ടിരിക്കുന്നു. ഷട്ടറുകളെല്ലാം ഓട്ടോമാറ്റിക്ക് സിസ്റ്റത്തിലാണ് പ്രവർത്തിക്കുക. കൊച്ചി ആസ്ഥാനമായ പൗലോസ് ജോർജ് പ്രൈവറ്റ് കമ്പനിയാണ് പാലത്തിന്റെ കരാർ ഏറ്റെടുത്തിട്ടുള്ളത്.