കാഞ്ഞങ്ങാട്: ക്രിസ്തുമസ് തലേന്ന് നടന്ന കൊലപാതകവും ഇതേതുടർന്നുള്ള ഹർത്താലും നഗരത്തിന് ഞെട്ടലായി. കൊവിഡിനെ തുടർന്നുണ്ടായ വ്യാപാരമാന്ദ്യം ചെറിയ തോതിൽ നീങ്ങി വരുന്നതിനിടയിലാണ് ക്രിസ്തുമസ് കച്ചവടത്തിൽ വ്യാപാരികൾ പ്രതീക്ഷയർപ്പിച്ചത്. നഗരത്തിൽ അടുത്തദിവസങ്ങളിലായി സാമാന്യം ഭേദപ്പെട്ട ജനക്കൂട്ടവുമെത്തിയിരുന്നു. ബേക്കറികളിൽ ക്രിസ്തുമസ് വിഭവങ്ങളും മറ്റും തയ്യാറാക്കിവച്ചതാണ്.
സാധാരണ ഗതിയിൽ ക്രിസ്തുമസ് തലേന്നാണ് കൂടുതൽ കേക്കുകളും സ്വീറ്റ്സും വിറ്റഴിക്കപ്പെടുന്നത്. ഈ വ്യാപാര പ്രതീക്ഷകൾക്ക് മങ്ങലേറ്റു. ഇന്നലെ രാവിലെ മുതൽ വൈകുന്നേരം വരെയായിരുന്നു ഡി.വൈ.എഫ്.ഐ പ്രവർത്തകന്റെ കൊലപാതകത്തെ തുടർന്നുള്ള ഹർത്താൽ.
മരുന്ന് കടകൾ അടക്കം അടഞ്ഞുകിടന്നു. കെ.എസ്.ആർ.ടി.സി ബസുകളും സ്വകാര്യ ബസുകളിൽ ചിലതും മാത്രം സർവീസ് നടത്തി. എന്നാൽ ഔദ്യോഗികമായി നഗരത്തിൽ ഹർത്താലിന് ആരും ആഹ്വാനം ചെയ്തിരുന്നില്ലെന്നും പറയുന്നുണ്ട്. കൊലപാതക സംഭവത്തിന് പിന്നാലെ സാമൂഹ്യമാദ്ധ്യമങ്ങളിൽ ഹർത്താൽ ആഹ്വാനം ചെയ്തതായുള്ള പോസ്റ്റുകൾ പ്രചരിച്ചിരുന്നു. നേതാക്കൾ ഇത് നിഷേധിച്ചുമില്ല. കൊലപാതക സംഭവത്തിൽ കടുത്ത പ്രതിഷേധമുണ്ടെങ്കിലും അപ്രതീക്ഷിതമായി ഹർത്താൽ നടത്തുന്നതിൽ വ്യാപാരികളിൽ പ്രതിഷേധമുയർന്നിരുന്നു.
ഇതുകൊണ്ടുതന്നെ വ്യാപാരി വ്യവസായി ഏകോപന സമിതി ഹർത്താലിനെതിരെ വാർത്താ സമ്മേളനം വിളിക്കാനുള്ള ശ്രമം നടത്തിയതായും അറിയുന്നുണ്ട്.
ഡി.വൈ.എഫ്.ഐ പ്രവർത്തകന്റെ കൊലയിൽ പ്രതിഷേധിച്ച് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ പ്രസിഡന്റ് പി.കെ നിഷാന്ത്, ബ്ലോക്ക് ഭാരവാഹികളായ പ്രിയേഷ് കാഞ്ഞങ്ങാട്, വിപിൻ കാറ്റാടി എന്നിവർ നേതൃത്വം നൽകി. ബസ് സ്റ്റാൻഡ് പരിസരത്ത് പ്രതിഷേധയോഗവും ചേർന്നു.