പഴയങ്ങാടി: മാടായിക്കാവ് വാതിൽ മാടത്തിന്റെ നവീകരണ പ്രവൃത്തി അന്തിമഘട്ടത്തിൽ. രണ്ടു വർഷം മുൻപാണ് നവീകരണ പ്രവൃത്തി ആരംഭിച്ചത്. മലബാർ ദേവസ്വം ബോർഡ്, ക്ഷേത്ര നവീകരണ കമ്മിറ്റി എന്നിവയുടെ സഹായത്തോടെ 2 കോടി രൂപ ചെലവിലാണ് വാതിൽമാടം നവീകരിക്കുന്നത്.
നിലവിലുള്ള വാതിൽമാടം കാലപ്പഴക്കത്താൽ നാശത്തിന്റെ വക്കിൽ എത്തിയിരുന്നു. 8000 കോൽ പാലുരുപ്പ് തടി ഉപയോഗിച്ചാണ് നവീകരിക്കുന്നത്. കൊത്ത് പണികൾക്കായി 300 കോൽ തേക്കിൻ തടിയാണ് ഉപയോഗിക്കുന്നത്. കരിങ്കല്ല് കൊണ്ടുള്ള തൂണുകളും ചെമ്പ് പാളികൾ കൊണ്ടുള്ള മേൽക്കൂരയുമാണ് നിർമ്മിക്കുന്നത്. നിലവിൽ മരം കൊണ്ടുള്ള തൂണുകളും ഓടുമേഞ്ഞ മേൽക്കൂരയുമാണ് ഉള്ളത്. ചെറുതാഴത്തെ ശങ്കരൻ ആചാരിക്കാണ് നിർമ്മാണ ചുമതല.
ജനുവരിയിൽ മാടത്തിന്റെ നവീകരണം പൂർത്തിയാവും.
ചായം പൂശൽ തുടങ്ങി
നവീകരണ പ്രവൃത്തിയുടെ ഭാഗമായി മാടായിക്കാവിൽ നിർമിക്കുന്ന വാതിൽമാടത്തിന്റെ മരത്തടിയിൽ തീർത്ത കൊത്തുപണികൾക്ക് ചായം പൂശൽ ആരംഭിച്ചു. മാടായിക്കാവ് ക്ഷേത്രത്തിൽ നടന്ന പരിപാടിയിൽ മാനേജർ എൻ. നാരായണൻ, പ്രസിഡന്റ് സി.എച്ച്. ഭാസ്കരൻ നമ്പ്യാർ, സെക്രട്ടറി കെ.വി.എൻ. ബൈജു. ശങ്കരൻ ആചാരി, ശില്പി പവിത്രൻ പരിയാരം, പെയിന്റർ മനോജ് കൃഷ്ണപിടാരർ എന്നിവർ സംബന്ധിച്ചു.