
കണ്ണൂർ: ഭാവികേരളം കരുത്തുറ്റതാക്കുക എന്ന ലക്ഷ്യത്തോടെ തുടക്കം കുറിച്ച കേരള പര്യടനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ നാളെ കണ്ണൂരിൽ എത്തിച്ചേരും. രാവിലെ പത്തരയ്ക്ക് ഇ.കെ നായനാർ സ്മാരക അക്കാഡമിയിലായിരിക്കും പരിപാടിയെന്ന് എൽ.ഡി.എഫ് ജില്ല കൺവീനർ കെ.പി സഹദേവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വടക്കൻ കേരളത്തിലും കണ്ണൂരിലും നിരവധി വികസന പദ്ധതികൾ യാഥാർത്ഥ്യമായത് 2016 ലെ എൽ.ഡി.എഫ് സർക്കാരിന്റെ കാലം തൊട്ടാണ്. ഇനിയും ഒട്ടേറെ വികസന പ്രവർത്തനങ്ങൾ ജില്ലയിൽ നടപ്പിലാക്കാനുണ്ട്. ജില്ലയിലെ പൊതുവായ വികസന മുന്നേറ്റത്തിനു വേണ്ടിയുള്ള പദ്ധതികൾക്കായി വിവിധ വിഭാഗങ്ങളിലുള്ള പ്രതിനിധികളെ ഉൾപ്പെടുത്തി യോഗം നടത്തും. മുഖ്യമന്ത്രി, മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ എന്നുവരുൾപ്പെടെ 150 പേർ പങ്കെടുക്കുന്ന യോഗത്തിൽ അതത് മേഖലയിലുള്ള പ്രശ്‌നങ്ങളും പൊതുവായ കാര്യങ്ങളും ചുരുങ്ങിയ സമയത്തിനുള്ളിൽ അവതരിപ്പിക്കുവാനും വിശദമായി തയ്യാറാക്കിയുള്ള കുറിപ്പ് കൈമാറുവാനുമുള്ള അവസരമുണ്ടാകുമെന്നും സഹദേവൻ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ സി.പി.ഐ സംസ്ഥാന കൗൺസിലംഗം സി.പി സന്തോഷ് കുമാർ, കെ.പി. മോഹനൻ, പി.പി ദിവാകരൻ, സിറാജ് തയ്യിൽ, കെ.കെ. ജയപ്രകാശ്, കെ.കെ. രാജൻ, ജോയ് കൊന്നക്കൽ, അഡ്വ.എ.ജെ ജോസഫ്, മുഹമ്മദ് പറക്കാട്ട് എന്നിവരും പങ്കെടുത്തു.