
കാഞ്ഞങ്ങാട്: കല്ലൂരാവിയിൽ ഔഫ് അബ്ദുൾ റഹ്മാൻ  എന്ന ചെറുപ്പക്കാരൻ കൊലചെയ്യപ്പെടാനുണ്ടായ സാഹചര്യത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി യഥാർത്ഥ കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് കാഞ്ഞങ്ങാട് മുസ്ലിം ലീഗ് നേതൃ യോഗം ആവശ്യപ്പെട്ടു. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാടുണ്ടായ രാഷ്ട്രീയ പ്രശ്നങ്ങൾ കെട്ടടങ്ങിയതിനുശേഷമാണ് ഈ ദാരുണ സംഭവം ഉണ്ടായത് എന്നത് ഏറെ ദുരൂഹത വർദ്ധിപ്പിക്കുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ പൊലീസ് വിളിച്ചുചേർത്ത സമാധാന യോഗത്തിൽ പ്രദേശത്തെ ഇടതുപക്ഷ കൗൺസിലർമാർ പങ്കെടുക്കാതിരുന്നതും കലാപത്തിന് കോപ്പ് കൂട്ടാൻ ചില കേന്ദ്രങ്ങളിൽ നിന്നും സോഷ്യൽ മീഡിയയിലൂടെയുണ്ടായ ആഹ്വാനങ്ങളും ഈ സംഭവത്തിന് ഹേതുവായിട്ടുണ്ടാകുമെന്ന് ബലമായി സംശയിക്കേണ്ടിയിരിക്കുന്നുവെന്നും യോഗം കുറ്റപ്പെടുത്തി.
യോഗത്തിൽ കെ. മുഹമ്മദ് കുഞ്ഞി, എം.പി. ജാഫർ,അഡ്വ. എൻ. എ. ഖാലിദ്, സി.കെ. റഹ്മത്തുള്ള, കെ.കെ ജാഫർ, സി.കെ അഷ്റഫ്, അബ്ദുറഹ്മാൻ സെവൻ സ്റ്റാർ, കെ.കെ ബദറുദ്ദീൻ, റമീസ് ആറങ്ങാടി, റഷീദ് ഹോസ്ദുർഗ്, കരീം കല്ലൂരാവി. തുടങ്ങിയവർ സംബന്ധിച്ചു