തളിപ്പറമ്പ്: ദേശീയപാതയോരത്ത് മലിനജലം കെട്ടിനിന്ന് ദുർഗന്ധം. പരിയാരം അലക്യംതോടിന് സമീപത്താണ് റോഡരികിൽ നിർത്തിയിടുന്ന മത്സ്യ വാഹനങ്ങളിൽ നിന്ന് മലിനജലം ഒഴുക്കി വിടുന്നത്. ഗവ. മെഡിക്കൽ കോളേജിലേക്കും അയുർവേദ മെഡിക്കൽ കോളേജിലേക്കും ഉൾപ്പടെ യാത്രക്കാർ പോകുന്ന വഴിയിലാണ് മലിനജലം കെട്ടിക്കിടക്കുന്നത്.

ദുർഗന്ധം കാരണം ഈവഴി യാത്ര ദുസഹമായിരിക്കുകയാണ്. മാസ്ക് ധരിച്ചാൽ പോലും ദുർഗന്ധത്തിൽ നിന്ന് രക്ഷനേടാൻ കഴിയാത്ത സ്ഥിതിയിലാണ്. മലിനജലത്തിൽ കൊതുകുകളും പുഴുക്കളും മറ്റും മുട്ടയിട്ട് പെരുകുന്ന അവസ്ഥയുമാണ്. അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് പരിസരവാസികളുടെ ആവശ്യം.