കാഞ്ഞങ്ങാട്: കൊല ചെയ്യപ്പെട്ട ഡി.വൈ.എഫ്.ഐ പ്രവർത്തകൻ പഴയ കടപ്പുറത്തെ ഔഫ് അബ്ദുൾ റഹ്മാന് ( 30) നാട് കണ്ണീരോടെ വിട നൽകി. പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം സി.പി.എം നേതാക്കളായ എം.വി ഗോവിന്ദനും പി. ജയരാജനും ഏറ്റുവാങ്ങിയ മൃതദേഹം രാത്രിയോടെയാണ് വിലാപയാത്രയായി കാഞ്ഞങ്ങാട്ടെത്തിയത്.
പരിയാരത്തു നിന്നുള്ള യാത്രാമധ്യേ പിലാത്തറ, പയ്യന്നൂർ, പെരുമ്പ, കരിവെള്ളൂർ കാലിക്കടവ്,ചെറുവത്തൂർ, നീലേശ്വരം മാർക്കറ്റ്, പടന്നക്കാട്, അലാമിപ്പള്ളി എന്നിവിടങ്ങളിൽ നിരവധി പേർ ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയിരുന്നു. കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡ് പരിസരത്ത് കുറച്ചു നേരം പൊതുദർശനത്തിനു വെച്ചു. ഇതിനു ശേഷമാണ് വിലാപയാത്ര പഴയ കടപ്പുറത്തെത്തിച്ചത്. ഇവിടെ വീട്ടിൽ അൽപ്പനേരം പൊതുദർശനത്തിനു വച്ച ശേഷം പഴയ കടപ്പുറം ജുമാ മസ്ജിദ് വളപ്പിൽ അടക്കം ചെയ്തു. എൽ.ഡി.എഫിന്റെയും കാന്തപുരം സുന്നി വിഭാഗത്തിന്റെയും ഒട്ടനവധി നേതാക്കൾ അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു.