auf
ഔഫ് അബ്ദുൾ റഹ്മാൻ

കല്ലൂരാവി( കാസർകോട് ):പഴയ കടപ്പുറത്ത് ഡി.വൈ.എഫ്‌.ഐ പ്രവർത്തകനും കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാർ വിഭാഗം സുന്നി പ്രവർത്തകനുമായ ഔഫ് അബ്ദുൾ റഹ്മാൻ (28) കൊല്ലപ്പെട്ടതിന്റെ ഞെട്ടൽ തീരദേശത്ത് ഇതുവരെ മാറിയില്ല. ബുധനാഴ്ച രാത്രി 10 മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.

കൊല നടത്തിയവരും കൊല്ലപ്പെട്ടയാളും തമ്മിൽ നിരന്തരം ഈ പ്രദേശത്ത് പ്രശ്നങ്ങളുണ്ടായിരുന്നു. കല്ലൂരാവിയിലും പരിസരങ്ങളിലും കഞ്ചാവും മയക്കുമരുന്നും വിൽപ്പന നടത്തുന്ന സംഘവുമായി അടുപ്പമുള്ളവരാണ് കൊലയാളികൾ. പകൽ കഞ്ചാവ് കച്ചവടവും രാത്രി അനധികൃത മണൽകടത്തിയുമാണ് ഈ മാഫിയാ സംഘം തഴച്ചുവളർന്നത്. അബ്ദുറഹ്മാൻ ഡി.വൈ.എഫ്‌.ഐയുടെയും കാന്തപുരം സുന്നി വിഭാഗത്തിന്റെയും സജീവ പ്രവർത്തകനാണ്. കൊല്ലപ്പെട്ട ഔഫിന്റെ ഉമ്മയുടെ പിതാവ് കാന്തപുരം സുന്നി വിഭാഗത്തിന്റെ കടപ്പുറത്തെ നേതാവാണ്.

ഗർഭിണിയായ ഭാര്യയെ ആശുപത്രിയിൽ കാണിക്കുന്നതിനായി സുഹൃത്തിന്റെ കൈയിൽനിന്ന് പണം വാങ്ങി ബൈക്കിൽ വരുമ്പോൾ കല്ലൂരാവി മുണ്ടത്തോട് തടഞ്ഞുനിർത്തിയാണ് ഔഫിനെ വെട്ടിക്കൊന്നത്. കൂടെയുണ്ടായിരുന്ന മുഹമ്മദ് ഷുഹൈബിനും അക്രമത്തിൽ പരിക്കേറ്റു. ഇരുമ്പുദണ്ഡും വടിവാളുമടക്കമുള്ള മാരകായുധങ്ങളുമായി റോഡരികിൽ പതിയിരിക്കുകയായിരുന്നു അക്രമികൾ.

ലീഗിന് സ്വാധീനമുള്ള കല്ലൂരാവിയിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ നിരവധി ലീഗ് പ്രവർത്തകർ എൽ.ഡി.എഫിന് അനുകൂലമായി പ്രവർത്തിച്ചതാണ് കൊലയ്ക്കുള്ള പ്രകോപനം. കഴിഞ്ഞ ദിവസം ഒരുകുടുംബത്തിലെ സ്ത്രീകളെയടക്കം ലീഗുകാർ ആക്രമിച്ചശേഷം ദൃശ്യം പകർത്തി പ്രചരിപ്പിച്ചിരുന്നു. ഈ സംഭവത്തിൽ ഒമ്പത് മുസ്ലിംലീഗ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

പ്രദേശത്ത് തിരഞ്ഞടുപ്പിനുശേഷം സി.പി.എം, ഡി.വൈ.എഫ്‌.ഐ പ്രവർത്തകരെ ലീഗിന്റെ നേതൃത്വത്തിൽ ക്രൂരമായി ആക്രമിക്കുകയാണ്. തിരഞ്ഞെടുപ്പിൽ തങ്ങളുടെ സ്വാധീന മേഖലകളിലുണ്ടായ പരാജയത്തിലും ഭൂരിപക്ഷത്തിലെ കുറവിലും പ്രകോപിതരായ മുസ്ലിംലീഗുകാർ വ്യാപകമായി അഴിച്ചുവിടുന്ന അക്രമം അവസാനിപ്പിക്കണം

എം വി ബാലകൃഷ്ണൻ (സി.പി.എം ജില്ലാ സെക്രട്ടറി )

സമഗ്ര അന്വേഷണം നടത്തണം: യൂത്ത് ലീഗ്

കാസർകോട്: കാഞ്ഞങ്ങാട് കല്ലൂരാവിയിൽ അബ്ദുൾ റഹ്മാൻ ഔഫ് എന്ന ചെറുപ്പക്കാരൻ കൊലചെയ്യപ്പെടാനുണ്ടായ സാഹചര്യത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്രഫ് എടനീരും ജനറൽ സെക്രട്ടറി ടി.ഡി കബീറും ആവശ്യപ്പെട്ടു. അക്രമസംഭവങ്ങളെ ഒരിക്കലും യൂത്ത് ലീഗ് അംഗീകരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നില്ല. കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളെയും കാരണങ്ങളെയും സംബന്ധിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു