ktpzha
കൂട്ടുപുഴയിൽ നിർമ്മിക്കുന്ന പുതിയ പാലത്തിന്റെ കേരള അതിർത്തിയിൽ രണ്ട് വർഷം മുൻമ്പ് പൂർത്തിയായ ഭാഗം

ഇരിട്ടി: രണ്ട് വർഷം മുൻപ് കർണാടക വനംവകുപ്പിന്റെ തടസവാദങ്ങൾ മൂലം പാതിവഴിയിൽ നിർത്തിവച്ച കൂട്ടുപുഴ പാലം നിർമ്മാണം തുടരാൻ അനുമതി. തലശ്ശേരി-വളവുപാറ കെ.എസ്.ടി.പി റോഡ് നിർമ്മാണ പദ്ധതിയിൽ ഉൾപ്പെടുത്തി പണിയുന്ന കൂട്ടുപുഴ പാലം നിർമ്മാണത്തിനാണ് കർണാടക വനം വകുപ്പ് അന്തിമാനുമതി നൽകിയിരിക്കുന്നത്. നേരത്തെ നിർമ്മാണത്തിന് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയും ലഭിച്ചിരുന്നു. ഇതോടെ പാലം നിർമ്മാണത്തിനുള്ള എല്ലാ തടസങ്ങളും നീങ്ങി. പുതുവർഷത്തിലെ ആദ്യ ആഴ്ചയിൽ തന്നെ പണി പുനരാരംഭിക്കാനാണ് തീരുമാനം.
സംസ്ഥാനാതിർത്തിയിൽ കൂട്ടുപുഴ പുഴയ്ക്ക് കുറുകെ നിർമ്മിക്കുന്ന പാലത്തിന്റെ പ്രവൃത്തി പാതി വഴിയിൽ എത്തിയപ്പോൾ കർണാടകത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്തിന്റെ നിർമ്മാണം തടയുകയായിരുന്നു. വനം വകുപ്പിന്റെ അനുമതി വാങ്ങിയില്ലെന്ന കാരണം പറഞ്ഞാണ് നിർമ്മാണം നിർത്തിവയ്പ്പിച്ചത്. പാലം നിർമ്മിക്കുന്നത് കർണാടക വനമേഖലയിലാണെന്നായിരുന്നു അവരുടെ വാദം. എന്നാൽ കേരളത്തിന്റെ റവന്യൂ ഭൂമിയിലാണ് നിർമ്മാണം നടക്കുന്നതെന്ന കേരളത്തിന്റെ വാദം അവർ അംഗീകരിച്ചില്ല.

പ്രശ്ന പരിഹാരത്തിന് ഇരുസംസ്ഥാനങ്ങളിലേയും ഉന്നത ഉദ്ധ്യോഗസ്ഥരും മന്ത്രിമാരും തമ്മിൽ നടത്തിയ ചർച്ചയിലും തീരുമാനമാകാഞ്ഞതോടെയാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ മുന്നിലെത്തിയത്. ആറുമാസം മുൻപ് നടന്ന ദേശീയ വൈൽഡ് ലൈഫ് ബോർഡിന്റെ യോഗത്തിലാണ് അനുമതി നൽകിയത്. കർണാടക പ്രൻസിപ്പൽ കൺസർവേറ്റർ ഒഫ് ഫോറസ്റ്റർ നിർമ്മാണത്തിന് അനുമതി നൽകിക്കൊണ്ടുള്ള കത്ത് വ്യാഴാഴ്ചയാണ് കെ.എസ്.ടി.പിക്ക് കൈമാറിയത്.

പരിസ്ഥിതിയെ നോവിക്കരുത്

നിർമ്മാണത്തിന് കർണാടക വനമേഖലയോട് ചേർന്ന 0.177ഹെക്ടർ ഭൂമിയാണ് ഉപയോഗപ്പെടുത്തുന്നത്. ഇതിനായി പത്ത് ലക്ഷത്തോളം രൂപ കേരളം -കർണാടക വനം വകുപ്പിന് നൽകിയിരുന്നു. നിർമ്മാണ സമയത്ത് പാരിസ്ഥിതിക ആഘാതം ഉണ്ടാക്കുന്ന ഒരു പ്രവൃത്തിയും നടത്താൻ പാടില്ല. നിർമ്മാണ സാമഗ്രികളൊന്നും വനമേഖലയിലേക്ക് കടത്തിക്കൊണ്ടുവരരുതെന്ന നിബന്ധനകളോടെയാണ് നിർമ്മാണത്തിന് കർണാടക അനുമതി നൽകിയിരിക്കുന്നത്.

നിർത്തിവച്ച പാലം നിർമ്മാണം പുതുവർഷത്തിന്റെ ആദ്യ ആഴ്ചയിൽ തന്നെ ആരംഭിക്കും. ദേശീയ വനം വന്യജീവി ബോർഡിന്റെ അനുമതി കിട്ടിയിട്ടും കർണ്ണാടക വനംവകുപ്പ് ആറുമാസമായിട്ടും അനുമതി നൽകാഞ്ഞത് പ്രതിസന്ധിയുണ്ടാക്കിയിരുന്നു. നിരന്തരമായ ഇടപെടലിന്റെ ഫലമായാണ് കർണാടകത്തിൽ നിന്നും നിർമ്മാണാനുമതി ലഭിച്ചത്. നിർമ്മാണം ആരംഭിച്ചാൽ നാലുമാസത്തിനുള്ളിൽ പുതിയ പാലം യാഥാർത്ഥ്യമാകും.

അഡ്വ. സണ്ണി ജോസഫ് എം.എൽ.എ