
കണ്ണൂർ: പ്രമാദമായ വാഗമൺ ഡി.ജെ. പാർടി അന്വേഷണം കണ്ണൂരിലേക്കും വ്യാപിപ്പിക്കുന്നു. സ്വകാര്യ ഹോട്ടലിൽ വാട്സ് ആപ്പ് കൂട്ടായ്മ നടത്തിയ ലഹരി പാർട്ടിയിലെ വേരുകൾ തേടിയാണ് അന്വേഷണ സംഘം എത്തുന്നത്. നേരത്തെ മയക്കുമരുന്നുകളുടെ വൻ ശേഖരവുമായി കണ്ണൂരിൽ പിടിയിലായവരുടെ വിവരങ്ങൾ ശേഖരിച്ചാണ് അന്വേഷണ സംഘം കണ്ണൂരിലെത്തുന്നത്.
ബംഗളുരു മയക്കുമരുന്ന് കേസിൽ റിമാൻഡിൽ കഴിയുന്ന സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുമായി ബിനാമി ബന്ധമുള്ളവർ ഈ കേസിലുണ്ടെന്ന സുചനയെ തുടർന്നാണ് അന്വേഷണ സംഘം കണ്ണുരിലും വലവിരിക്കുന്നത്. തലശ്ശേരി ധർമ്മടത്തുള്ള ബിനീഷി ന്റെ ഒരു ബിനാമി കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സുചന.
അറസ്റ്റിലായ ഒമ്പതു പ്രതികളുടെ വാഹനങ്ങളിൽ നിന്നും ബാഗുകളിൽനിന്നുമായാണ് ലഹരി വസ്തുക്കളെല്ലാം ലഭിച്ചത്. തൊടുപുഴ സ്വദശിയായ ഒന്നാം പ്രതി അജ്മൽ സക്കീറാണ് ഇവയെല്ലാം നിശാ പാർട്ടികളിലേക്ക് എത്തിച്ചു നൽകിയത്. ഇയാൾക്ക് കണ്ണൂരുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്നതാണ് പ്രധാനമായും പൊലീസ് അന്വേഷിക്കുന്നത്. അന്തർ സംസ്ഥാന ലഹരി മാഫിയയുമായി അജ്മലിനും രണ്ടും മൂന്നും പ്രതികളായ മെഹറിനും നബീലിനും ബന്ധമുണ്ടെന്നാണ് സൂചന. കേസിലെ ഒമ്പതാം പ്രതിയായ ബ്രിസ്റ്റി ബിശ്വാസിന് ലഹരിമരുന്ന് സംഘവുമായി നേരത്തെ മുതൽ ബന്ധമുണ്ടെന്നാണ് വിവരം. പനംമ്പള്ളി നഗറിലെ ഷോപ്പിങ് കോംപ്ലക്‌സ് കേന്ദ്രീകരിച്ച് ഒത്തുകൂടുന്ന ലഹരി സംഘത്തിലെ കണ്ണികളിലൊരാളാണ് തൃപ്പൂണിത്തുറ സ്വദേശിയായ നടിയും മോഡലുമായ ബ്രിസ്റ്റി. വിവിധ ജില്ലയിൽ നിന്നുള്ളവർ പാർട്ടിയിൽ പങ്കെടുത്തതിനാൽ ഇവരുടെ വ്യക്തിഗത വിവരങ്ങൾ ഉപയോഗിച്ചു മറ്റു ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് എക്‌സൈസിന്റെ പദ്ധതി.
പുതുവർഷത്തിൽ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കു വൻതോതിൽ ലഹരിമരുന്ന് എത്തിച്ചേരുമെന്ന സ്‌പെഷൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ അതിർത്തികളിൽ വാഹന പരിശോധന കർശനമാക്കി.
ലഹരിപാർട്ടി നടക്കാനിടയുള്ള പല സ്ഥലങ്ങളും ഇപ്പോൾ പൊലീസിന്റെയും എക്‌സൈസ് ഇന്റലിജൻസിന്റെയും നിരീക്ഷണത്തിലാണ്.
ഏഴുതരം മയക്കുമരുന്നുകൾ
ഇതിനിടെ വാഗമണിലെ നിശാപാർട്ടിയിൽ ഏഴു തരത്തിലുള്ള മയക്കുമരുന്നുകൾ ഉപയോഗിച്ചതായി തെളിഞ്ഞിട്ടുണ്ട്. എം.ഡി.എം.എ, എൽ.എസ്.ഡി, കഞ്ചാവ്, എം.ഡി.എം.എയുടെ വകഭേദങ്ങളായ എക്സ്റ്റസി പിൽസ്, എക്‌സറ്റസി പൗഡർ, ചരസ്സ്, ഹഷീഷ് എന്നിവയാണു പ്രതികളിൽ നിന്നു കണ്ടെടുത്തത്. കേസിൽ അറസ്റ്റിലായ മോഡലും നടിയുമായ ബ്രിസ്റ്റി ബിശ്വാസിന് കൊച്ചി കേന്ദ്രീകരിച്ചുള്ള ലഹരിമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞതാണ്.