
കണ്ണൂർ: ബ്രിട്ടനിൽ നിന്ന് എത്തിയ എട്ടു പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായും ജനിതകമാറ്റം സംഭവിച്ച വൈറസ് ആണോയെന്നറിയാൻ ഇവരുടെ സ്രവം പൂനെ വൈറോളജി ലാബിലേക്ക് അയച്ചതായും ആരോഗ്യമന്ത്രി കെ. കെ ശൈലജ പറഞ്ഞു.
ബ്രിട്ടനിൽ ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസിന്റെ വ്യാപനം കൂടിയ സാഹചര്യത്തിൽ നാല് വിമാനത്താവളങ്ങൾക്കും കൂടുതൽ ജാഗ്രതാ നിർദ്ദേശം നൽകിയതായും മന്ത്രി കണ്ണൂരിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.
തിരഞ്ഞെടുപ്പിന് ശേഷം വലിയ കൊവിഡ് വ്യാപനം ഉണ്ടായിട്ടില്ല. സർക്കാരിന്റെ മുൻകരുതലുകൾ കാരണം മരണനിരക്കും വർദ്ധിച്ചില്ല. ജനിതക മാറ്റം സംഭവിച്ച വൈറസിനെ നേരിടാൻ സംസ്ഥാനം സജ്ജമാണ്. ഈ വൈറസിനും പുതിയ വാക്‌സിൻ ഫലപ്രദമാണെന്ന് വിദഗ്ദ്ധർ പറഞ്ഞിട്ടുണ്ട്. ബ്രിട്ടനിൽ ജനിതകമാറ്റം സംഭവിച്ച വൈറസ് പടരുന്നുണ്ട്. ഇവ എത്ര അപകടകരമാണെന്ന് അറിയാൻ ശാസ്ത്രലോകം പഠനങ്ങൾ തുടരുകയാണ്. കൂടുതൽ വേഗത്തിൽ പകരുന്ന വൈറസാണ്. കൂടുതൽ പേർക്ക് രോഗം പകരുന്നത് മരണം വർദ്ധിപ്പിക്കാം. അതിനാൽ ശക്തമായ നടപടിയാണ് ആരോഗ്യ വകുപ്പ് സ്വീകരിച്ചിട്ടുള്ളത്. നേരത്തെ ബ്രിട്ടനിൽ നിന്നെത്തിയവരേയും നിരീക്ഷിക്കുന്നുണ്ട്. ഷിഗല്ല രോഗത്തെ പറ്റി ഭീതി വേണ്ട. ശുചിത്വം പാലിച്ചാൽ ഷിഗെല്ലയെ അകറ്റാമെന്നും മന്ത്രി പറഞ്ഞു.