കണ്ണൂർ: നാശത്തിൽ നിന്നു നാശത്തിലേക്ക് ഒഴുകുന്ന കക്കാട് പുഴ പുനർജനിക്കുമോ? കണ്ണൂരിൽ മുഖ്യമന്ത്രിയുടെ പ്രമുഖരുമായുള്ള സംവാദത്തിൽ പ്രധാന ചോദ്യമായതും ഇതു തന്നെ. കക്കാട് പുഴയെ വീണ്ടെടുക്കാൻ ബഹുജന കൂട്ടായ്മ ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിനായി കർമ്മപദ്ധതി തയ്യാറാക്കേണ്ടതുണ്ട്.
കേരളത്തിൽ വരട്ടാർ അടക്കമുള്ള പുഴകളെ വീണ്ടെടുക്കാൻ സാധിച്ചത് അതത് പ്രദേശങ്ങളിലെ ജനങ്ങളുടെ പൊതു ആവശ്യമായി അവ ഉയർന്നുവന്നതിനെ തുടർന്നാണ്. കക്കാട് പുഴയുടെ കാര്യത്തിലും ജനങ്ങളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും എല്ലാം മുൻകൈ ഉണ്ടാകണം. അതിന് പ്രാവർത്തിക രൂപം വരുമ്പോൾ ആവശ്യമായ സഹായവും പിന്തുണയും സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി.
കഥാകാരൻ ടി. പത്മനാഭനാണ് വിഷവാഹിനിയായി തീരുന്ന കക്കാട് പുഴയെ വീണ്ടെടുക്കണമെന്ന ആവശ്യം ഉയർത്തിയത്. ഇക്കാര്യത്തിൽ ഒട്ടേറെ വിഘ്‌നങ്ങൾ ഉണ്ടാകാനിടയുണ്ടെന്നും എന്നാൽ ഈ സർക്കാരിന് അവയെ മറികടക്കാൻ കഴിയുമെന്നും പത്മനാഭൻ പറഞ്ഞു.
കണ്ണൂരിൽ ചെറുശ്ശേരിക്ക് ഉചിതമായ സ്മാരകം നിർമിക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ടി പത്മനാഭൻ തന്നെയാണ് ഇക്കാര്യവും ഉന്നയിച്ചത്. ഇതിനായി ടി. പത്മനാഭന്റെ നേതൃത്വത്തിൽ ജനകീയ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനങ്ങൾ ആരംഭിക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ മാതൃകയിൽ ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ വളർച്ചക്കായി ഒരു ഇടപെടൽ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിമാനത്താവളത്തിന്റെ സാധ്യത ഉപയോഗപ്പെടുത്തി അനുബന്ധ വ്യവസായങ്ങൾ, വിദേശ വിദ്യാർഥികളെ ആകർഷിക്കാൻ കഴിയുന്ന വിധം ഉന്നത പഠന കേന്ദ്രങ്ങൾ, കണ്ണൂർ വിമാനത്താവളം വഴി ഹജ്ജ് യാത്രയ്ക്ക് സംവിധാനം, അഭ്യസ്ത വിദ്യർക്ക് നൈപുണ്യ പുനർ വിദ്യാഭ്യാസവും തൊഴിൽ പരിശീലനവും, ആദിവാസി കോളനികളിൽ പി.എസ്.സി കോച്ചിംഗ് സെന്ററുകൾ, മൊബൈൽ ക്ലിനിക്ക്, കണ്ണൂർ ബൈപ്പാസും സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് സ്‌കീമും വേഗത്തിൽ പൂർത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിക്കപ്പെട്ടു.
സ്‌കൂൾ ഭക്ഷണ പദ്ധതിയിൽ പൈതൃക ഭക്ഷണ ക്രമം ഉൾപ്പെടുത്തുക, ആയുർവേദ പൈതൃക ഗ്രാമങ്ങൾ സ്ഥാപിക്കുക, ഗ്രാമീണ മേഖലകളിൽ റൂറൽ എമർജൻസി മെഡിസിൻ വിഭാഗം രൂപീകരിക്കുക, എല്ലാ വീട്ടിലും ഒരു അംഗത്തെ പ്രാഥമിക ജീവൻ രക്ഷാ മാർഗങ്ങൾ പഠിപ്പിക്കുന്നതിന് പദ്ധതി തുടങ്ങി ഒട്ടേറെ നൂതന വികസന ആശയങ്ങൾ പരിപാടിയിൽ അവതരിപ്പിക്കപ്പെട്ടു.