pinarayi
കേരളപര്യടനത്തിന്റെ ഭാഗമായി പ്രമുഖരുമായുള്ള കൂടിക്കാഴ്ചയ്ക്ക് പടന്നക്കാട് ബേക്കൽ ക്ളബ്ബിൽ എത്തിയ മുഖ്യമന്ത്രി വേദിയിലേക്ക്

പടന്നക്കാട് (കാസർകോട് ): നാടിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടത്തുന്ന കേരള പര്യടനത്തിന്റെ ഭാഗമായി കാസർകോട് ജില്ലയിലെ പ്രമുഖരുമായുള്ള സംവാദം ഇന്നലെ വൈകുന്നേരം പടന്നക്കാട് ബേക്കൽ ക്ലബ് ഹാളിൽ നടന്നു. 150 ഓളം പേരാണ് ഇതിലേക്ക് ക്ഷണിക്കപ്പെട്ടത്.

ഓരോരുത്തർക്കും മൂന്ന് മിനുട്സ് വീതമായിരുന്നു സംസാരിക്കാൻ അനുവദിച്ചത്. വിശദമായ എഴുതി തയ്യാറാക്കിയ റിപോർട്ടും മുഖ്യമന്ത്രി സ്വീകരിച്ചു. കണ്ണൂരിലെ പരിപാടിക്ക് ശേഷം ശനിയാഴ്ച വൈകുന്നേരം നാലു മണിയോടെയാണ് മുഖ്യമന്ത്രി യോഗം നടന്ന പടന്നക്കാട് ബേക്കൽ ക്ലബിൽ എത്തിയത്. കൃഷി ശാസ്ത്രജ്ഞർ, അഭിഭാഷകർ, മതപുരോഹിതർ, എഴുത്തുകാർ, ടൂറിസം രംഗത്തെ പ്രമുഖർ, വ്യവസായ പ്രമുഖർ തുടങ്ങിയവരും മാദ്ധ്യമ പ്രവർത്തകരും ജനപ്രതിനിധികളും പങ്കെടുത്തു. സർക്കാരിന്റെ നേട്ടങ്ങൾ വിശദീകരിച്ചുകൊണ്ടാണ് മുഖ്യമന്ത്രി പ്രസംഗിച്ചത്. കാസർകോട് വികസന പാക്കേജ് നിലവിലുണ്ടെങ്കിലും അതിലുപരിയുള്ള പല നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നതായി പിണറായി പറഞ്ഞു.

കേരള പര്യടനത്തിലൂടെ സർക്കാരിന്റെ ജനകീയ പ്രവർത്തനങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യവും കേരളയാത്രയ്ക്ക് പിന്നിലുണ്ട്. സമാനതകളില്ലാത്ത വികസനമാണ് എൽ. ഡി. എഫ് സർക്കാർ നടപ്പിലാക്കിയതെന്നും വികസനം ജനങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നും റവന്യൂ മന്ത്രി പറഞ്ഞു. സി പി എം ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ, എൽ ഡി എഫ് കൺവീനർ കെ പി സതീഷ് ചന്ദ്രൻ, അഡ്വ സി എച്ച് കുഞ്ഞമ്പു തുടങ്ങിയ നേതാക്കളും പരിപാടിയിൽ സംബന്ധിച്ചു.