bhalabhavan
പിണറായി പുത്തൻ കണ്ടത്തിൽ നിർമ്മിച്ച സംസ്ഥാന ശിശുക്ഷേമ സമിതി ബാലഭവൻ

കണ്ണൂർ: ഭേദചിന്തയില്ലാത്തവരായി കുട്ടികൾക്ക് വളരാനുള്ള സാഹചര്യമൊരുക്കുക എന്നതാണ് ശിശുക്ഷേമ സമിതി ബാലഭവൻ ലക്ഷ്യമിടുന്നതെന്നും കുഞ്ഞുങ്ങളെ സിലബസിൽ തളച്ചിടുന്ന രീതി ഇവിടെയുണ്ടാവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ . പിണറായി പുത്തൻ കണ്ടത്ത് സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ കേരളത്തിലാദ്യമായി തുടങ്ങിയ ബാലഭവൻ മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എരുവട്ടി വില്ലേജിൽ ജലവിഭവ വകുപ്പ് വിട്ടുനൽകിയ 1.25 ഏക്കർ സ്ഥലത്ത് കെ കെ രാഗേഷ് എം.പിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 75 ലക്ഷം ചെലവഴിച്ചാണ് ബാലഭവൻ നിർമ്മിച്ചത്.
ചടങ്ങിൽ ആരോഗ്യ വകുപ്പ്മന്ത്രി കെ ..കെ ..ശൈലജ അദ്ധ്യക്ഷത വഹിച്ചു. ശിശുക്ഷേമ സമിതി നടത്തിയ മത്സരത്തിൽ വിജയികളായ കുട്ടികൾക്കുള്ള സമ്മാനദാനവും മന്ത്രി നിർവ്വഹിച്ചു. കെ. കെ. രാഗേഷ് എം. പി. വിശിഷ്ടാതിഥിയായി. ജില്ലാ പഞ്ചായത്തംഗം കല്ലാട്ട് ചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം മുരിക്കോളി പവിത്രൻ, പിണറായി ഗ്രാമപഞ്ചായത്തംഗം പി. ബിന്ദു, സംസ്ഥാന ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് അഴീക്കോടൻ ചന്ദ്രൻ, ട്രഷറർ ആർ. രാജു, ശിശുക്ഷേമ സമിതിജില്ലാ സെക്രട്ടറി പി. സുമേശൻ, സ്വാഗത സംഘം ചെയർമാൻ പി. ബാലൻ, ബി.ഡി.ഒ അഭിഷേക് കുറുപ്പ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സി .എൻ. ചന്ദ്രൻ, കെ. ശശിധരൻ, വി. എ നാരായണൻ, എൻ. പി. താഹിർ, ആർ. കെ. ഗിരിധരൻ എന്നിവർ സംസാരിച്ചു. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഡോ. ജെ. എസ്. ഷിജുഖാൻ സ്വാഗതവും സ്വാഗത സംഘം കൺവീനർ കോങ്കി രവീന്ദ്രൻ നന്ദിയും പറഞ്ഞു.

'പിറന്നുവീഴുന്നത് സമ്മർദങ്ങളിലേക്ക് '

ആർക്കും ഒന്നിനും നേരമില്ലാത്ത കാലത്താണ് നാം ജീവിക്കുന്നത്. സമ്മർദ്ദങ്ങൾ നിറഞ്ഞ സാഹചര്യത്തിലാണ് ഓരോ കുഞ്ഞും പിറന്ന് വീഴുന്നത്. ഇത് കുഞ്ഞുങ്ങളുടെ സ്വഭാവ രൂപീകരണത്തെ സ്വാധീനിക്കുന്നു. ബാല്യം ആസ്വാദ്യകരമാക്കുകയും സമ്മർദ്ദങ്ങൾക്ക് അടിപ്പെടാത്തവരായായി അവരെ വളർത്തുകയുമാണ് ബാലഭവൻ പോലുള്ള ശിശു സൗഹ്യദ സംവിധാനങ്ങളിലൂടെ സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്- മുഖ്യമന്ത്രി പറഞ്ഞു.