bjp

കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ പയ്യന്നൂരിൽ കോൺഗ്രസുമായി വോട്ടുവില്പന നടത്തിയെന്നാരോപിച്ച് ബി.ജെ.പിയിൽ രൂക്ഷമായ അഭിപ്രായവ്യത്യാസം മറനീക്കുന്നു. രഹസ്യചർച്ച നടത്തിയവർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് നൽകിയ പരാതി ഏറെ ഗൗരവത്തോടെയാണ് ബി.ജെ.പി സംസ്ഥാനനേതൃത്വം പരിഗണിക്കുന്നത്.

കോൺഗ്രസ് നേതൃത്വവുമായി രഹസ്യചർച്ച നടത്തിയ പയ്യന്നൂരിലെ ബി.ജെ.പി നേതാക്കൾക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി ഒരു വിഭാഗം രംഗത്തു വന്നതോടെയാണ് വിഷയത്തിന് ചൂടുപിടിച്ചത്. സുപ്രധാന ചുമതലയുള്ള ഒരു കോൺഗ്രസ് നേതാവിന്റെ വീട്ടിലാണ് ബി.ജെ.പി-കോൺഗ്രസ് രഹസ്യയോഗം നടന്നത്. ഈ കോൺഗ്രസ് നേതാവിന്റെ മദ്ധ്യസ്ഥതയിലാണ് ബി.ജെ.പി നേതാക്കളുടെ താത്പര്യ പ്രകാരം ചർച്ചയ്ക്ക് കളമൊരുക്കിയത്. ചർച്ചയിൽ പയ്യന്നൂരിലെ മൂന്ന് ബി.ജെ.പി നേതാക്കളും കോൺഗ്രസ് നേതാക്കളും പങ്കെടുത്തുവെന്നാണ് പുറത്തുവരുന്ന വിവരം.

വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ബി.ജെ.പി നേതൃത്വം അതീവ ഗൗരവത്തോടെയാണ് അന്വേഷണം നടത്തുന്നത്.

കോൺഗ്രസുമായി രഹസ്യചർച്ച നടത്തിയ നേതാക്കൾക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ജില്ലാ നേതൃത്വവും സംസ്ഥാന ഘടകത്തിന് കത്ത് നൽകിയിട്ടുണ്ട്. കേന്ദ്രമന്ത്രി വി. മുരളീധരന്റെയും ദേശീയ കൗൺസിൽ അംഗം പി.കെ കൃഷ്ണദാസിന്റെയും തട്ടകമായ കണ്ണൂരിൽ സംസ്ഥാന ബി.ജെ.പിയിലെ പടലപ്പിണക്കങ്ങളും വൈരാഗ്യവും താഴെത്തലത്തിലേക്ക് കൂടി കടക്കുന്നുവെന്ന സൂചന നൽകിയാണ് പയ്യന്നൂരിലെ ബി.ജെ.പിയിൽ ഗ്രൂപ്പ് പോര് ശക്തമായിരിക്കുന്നത്. എ.പി. അബ്ദുള്ളക്കുട്ടിയെ ദേശീയ വൈസ് പ്രസിഡന്റാക്കിയതുമുതലാണ് ഇരുഗ്രൂപ്പുകളും തമ്മിൽ അഭിപ്രായവ്യത്യാസം പുതിയ തലത്തിലേക്ക് തിരിഞ്ഞിരിക്കുന്നത്.

ചില കേന്ദ്രങ്ങളിൽ രഹസ്യമായുണ്ടായ പ്രതിഷേധങ്ങൾ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ രൂക്ഷമായിട്ടുണ്ട്. പലയിടത്തും പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാൻ കഴിയാത്തതിനെ ചൊല്ലി വലിയൊരു വിഭാഗം നേതൃത്വത്തിനെതിരെ തിരിഞ്ഞിരിക്കുകയാണ്. ശോഭാ സുരേന്ദ്രനെ പോലുള്ള നേതാക്കളെ നിശബ്ദരാക്കിയതിനെതിരെ കണ്ണൂർ, കാസർകോട് ജില്ലകളിലെ വലിയൊരു വിഭാഗത്തിന് കടുത്ത പ്രതിഷേധവുമുണ്ട്.

മത്സരം കൊഴുപ്പിക്കാൻ നേതാക്കളെത്തിയില്ല

തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് ബി.ജെ.പിയുടെ സാന്നിദ്ധ്യം പോലും കാണാനില്ലായിരുന്നുവെന്നും എവിടെയും മത്സരം പേരിനുപോലുമുണ്ടായില്ലെന്നും പ്രവർത്തകർ പരാതിപ്പെടുന്നു. നേതാക്കളാരും പ്രചരണത്തിനായി പയ്യന്നൂരിലെത്താതിരുന്നതിൽ പ്രവർത്തകർക്ക് അമർഷമുണ്ട്. പയ്യന്നൂരിലെ ബി.ജെ.പിയിലെ വോട്ടുചോർച്ചയിൽ മനംനൊന്ത് മുൻസിപ്പൽ കമ്മിറ്റി പ്രസിഡന്റ് കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. ഇതിനുപിന്നാലെയാണ് കോൺഗ്രസുമായി രഹസ്യചർച്ച നടത്താൻ ബി.ജെ.പിയിലെ പ്രമുഖർ തന്നെ മുൻകൈ എടുത്തതായുള്ള വിവരങ്ങൾ പുറത്തുവരുന്നത്. പയ്യന്നൂരിൽ കോൺഗ്രസ് -ബി.ജെ.പി രഹസ്യധാരണയുള്ളതായി നേരത്തെ എൽ.ഡി.എഫ് ആരോപിച്ചിരുന്നു. ഇത് ശരിവെക്കും വിധത്തിലാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ.