
കണ്ണൂർ: യു.ഡി.എഫിന് ഭൂരിപക്ഷമുള്ള കണ്ണൂർ കോർപ്പറേഷനിൽ മേയർ സ്ഥാനാർത്ഥിയെ ചൊല്ലിയുള്ള അനിശ്ചിതത്വത്തിന് വിരാമമായി. തർക്കം രൂക്ഷമായതിനെ തുടർന്ന് കെ.പി.സി.സിയുടെ നിർദ്ദേശപ്രകാരം കോൺഗ്രസ് കൗൺസിലർമാരെ വച്ച് നടത്തിയ വോട്ടെടുപ്പിൽ രണ്ട് വോട്ടിന് ഡി.സി.സി സെക്രട്ടറിയും കോർപ്പറേഷൻ സ്ഥിരം സമിതി മുൻ ചെയർമാനുമായ അഡ്വ. ടി.ഒ. മോഹനൻ വിജയിച്ചു. മുൻ ഡപ്യൂട്ടി മേയർ പി.കെ. രാഗേഷായിരുന്നു എതിർപക്ഷത്ത്.
20 അംഗ കോൺഗ്രസ് കൗൺസിലർമാരിൽ 11വോട്ട് മോഹനനും 9 വോട്ട് രാഗേഷിനും ലഭിച്ചു. കെ.പി.സി.സിയുടെ നിർദ്ദേശ പ്രകാരം പാർലിമെന്ററി പാർട്ടിയിൽ ഭൂരിപക്ഷം ലഭിക്കുന്ന വ്യക്തിയെ നേതാവായി തിരഞ്ഞെടുക്കുകയായിരുന്നു. യോഗത്തിൽ നിരീക്ഷകനായി കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി. സിദ്ദിഖ് പങ്കെടുത്തു. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരൻ, ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു വോട്ടെടുപ്പ്.
കെ.പി.സി.സി ജനറൽ സെക്രട്ടറി മാർട്ടിൻ ജോർജും ആദ്യ പരിഗണനയിൽ ഉണ്ടായിരുന്നു. കെ.പി.സി.സിയുടെ പിന്തുണ ടി. ഒ. മോഹനന് നൽകിയെങ്കിലും സമവായം വേണമെന്ന നിർദ്ദേശവും നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടായി. കെ. സുധാകരനോ ഡി.സി.സിയോ അഭിപ്രായം പറഞ്ഞിട്ടുമില്ല. ഇതേ തുടർന്നാണ് കൗൺസിലർമാരുടെ അഭിപ്രായമറിയാൻ തീരുമാനിച്ചത്. ഇന്ന് രാവിലെ 10നാണ് മേയർ തിരഞ്ഞെടുപ്പ്. സി.പി.എമ്മും മേയർ സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്.