ചെറുവത്തൂർ: കുടുംബനാഥന്റെ അകാല വിയോഗത്തിൽ പകച്ചു നിന്ന പിലിക്കോട് അരയാക്കീലിലെ സത്യഭാമയ്ക്കും മകനും സ്നേഹ വീടിന്റെ തണലൊരുക്കി പൂർവ വിദ്യാർത്ഥി കൂട്ടായ്മ. കരിവെള്ളൂർ എ.വി സ്മാരക ഗവ. ഹയർസെക്കൻഡറി സ്കൂൾ പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ സ്മൃതി - 82 അംഗങ്ങളാണ് അകാലത്തിൽ വിട പറഞ്ഞ സഹപാഠി ടി.വി ഗോപാലകൃഷ്ണന്റെ കുടുംബത്തിന് വീട് നിർമ്മിച്ചു നൽകിയത്.

കാലിക്കടവിലെ വാടക ക്വാർട്ടേഴ്സിലാണ് ഗോപാലകൃഷ്ണനും ഭാര്യയും മകനുമടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്. പിലിക്കോട് അരയാക്കീലിൽ വീട് നിർമ്മാണം ആരംഭിച്ചിരുന്നുവെങ്കിലും ഗോപാലകൃഷ്ണന്റെ ചികിത്സയ്ക്കായി നല്ലൊരു തുക വേണ്ടി വന്നതിനാൽ പ്രവൃത്തി തുടരാൻ കഴിഞ്ഞില്ല. ഇതിനിടയിൽ ഗോപാലകൃഷ്ണൻ വിടപറഞ്ഞു. ഭാര്യ സത്യഭാമയും മകനും വാടക ക്വാർട്ടേഴ്‌സിൽ എന്തു ചെയ്യണമെന്നറിയാതെ നിൽക്കുമ്പോഴാണ് ഗോപാലകൃഷ്ണന്റെ സഹപാഠികൾ കൈത്താങ്ങുമായി എത്തിയത്. വീടിന്റെ താക്കോൽ ഡോ. പി. പുഷ്പാംഗദൻ സത്യഭാമയ്ക്ക് കൈമാറി. സി. ശശിധരൻ നായർ അദ്ധ്യക്ഷനായി. എം.പി.വി ശശി, വത്സൻ കുണ്ടത്തിൽ സംസാരിച്ചു.