puli
മകൾ ആദിസൂര്യ ഷിംജിത്തിന്റെ പുളിവെണ്ട കൃഷിയിടത്തിൽ

പേരാവൂർ: മലയാളികൾ മറന്നു തുടങ്ങിയ പുളിവെണ്ടയെ സംരക്ഷിക്കുകയാണ് തില്ലങ്കേരിയിലെ ജൈവ കർഷകനായ ഷിംജിത്ത്. ഒരുകാലത്ത് നമ്മുടെ നാട്ടിൻപുറങ്ങളിൽ ധാരാളമായി ഉണ്ടായിരുന്ന പുളിവെണ്ട ഇന്ന് ഒരു അപൂർവ്വ സസ്യമായി മാറിക്കഴിഞ്ഞു.

ചുവപ്പ് നിറത്തിലും പച്ച നിറത്തിലുമാണ് പുളിവെണ്ട ഉണ്ടാകുന്നത്. ഇളം പുളിരസമായതിനാൽ ആസ്വദിച്ച് പച്ചയായും തിന്നാം. വിറ്റാമിൻ സി ധാരാളമായി അടങ്ങിയതാണ് ഇതിന്റെ ഫലം. കായയുടെ ചുറ്റുമുള്ള ഇതളുകളാണ് പുളിയായി ഉപയോഗിക്കുന്നത്. ഇതു കൊണ്ട് ചട്നി, സ്‌ക്വാഷ്, ജാം എന്നിവയും ഉണ്ടാക്കാറുണ്ട്. ഇലയും തണ്ടും ചേർത്ത് കറിവെക്കാറുമുണ്ട്. കുറ്റിച്ചെടിയായാണ് വളരുക. മറ്റു സ്ഥലങ്ങളിൽ അപൂർവമായതിനാൽ ആവശ്യക്കാർക്കായി ഇതിന്റെ ഇതളുകൾ ഉണക്കി പായ്ക്കറ്റിലാക്കി ഷിംജിത്ത് വില്പന നടത്തുന്നുമുണ്ട്. നിരവധിയാളുകൾ അന്വേഷിച്ചുവരുന്നതിനാൽ പരമാവധി തൈകൾ നൽകി കൃഷി പ്രോത്സാഹിപ്പിക്കാനാണ് ഈ ജൈവകർഷകന്റെ ശ്രമം. തണ്ട് വേരുപിടിപ്പിച്ചും വിത്തു നട്ടുമാണ് തൈകൾ ഉണ്ടാക്കുന്നത്.

അറേബ്യൻ രാജ്യങ്ങളിൽ പുളിവെണ്ടയുടെ ഇതളുകൾ വെള്ളത്തിലിട്ട് തിളപ്പിച്ച് ചായയ്ക്ക് പകരമായി ഉപയോഗിക്കാറുണ്ടെന്ന് പറയപ്പെടുന്നു. രാവിലെ ഈ വെള്ളം കുടിക്കുമ്പോൾ ചായ കുടിക്കുമ്പോൾ കിട്ടുന്ന ഉന്മേഷം ലഭിക്കാറുണ്ടത്രേ. തുടർച്ചയായി അഞ്ചു ദിവസം കുടിച്ചാൽ ടെൻഷൻ അകലുന്നതായും അനുഭവസ്ഥർ പറയുന്നു.

അരയേക്കറിലായി നൂറോളം തടം പുളിവെണ്ടയാണ് ഷിംജിത്ത് കൃഷി ചെയ്തിരിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ വിളവെടുപ്പ് പൂർത്തിയാകും.മഞ്ഞൾകൃഷിക്കിടയിൽ നട്ട പുളിവെണ്ടയുടെ വിത്ത് വീണ് ധാരാളം തൈകൾ ഉണ്ടായിട്ടുണ്ടെന്നും ആവശ്യക്കാർക്ക് നൽകി ഇതിന്റെ സംരക്ഷണം ഉറപ്പാക്കുമെന്നും ഷിംജിത്ത് പറഞ്ഞു.

പുളിവെണ്ട

പുളിയായും ഔഷധമായും പഴമക്കാർ ഉപയോഗിച്ചു വന്ന ഈ സസ്യം ചെമ്പരത്തിയുടെ വംശത്തിൽപ്പെട്ടതാണ്.

മത്തിപ്പുളി, മീൻപുളി ,മറാഠിപ്പുളി എന്നീ പേരുകളിലാണ് ഇത് വടക്കൻ കേരളത്തിൽ അറിയപ്പെടുന്നത്. മീൻ കറികളിൽ പുളിക്ക് പകരമായി പഴമക്കാർ ഇത് സർവ്വസാധാരണമായി ഉപയോഗിച്ചിരുന്നു. ഹിബിസ്കസ് സബ് ഡാരിഫ എന്നതാണ് ശാസ്ത്രീയനാമം. ഇതിന്റെ മാംസളവും പുളിരസമുള്ളതുമായ പുഷ്പകോശം ആണ് ഭക്ഷ്യയോഗ്യം