പയ്യാവൂർ: പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിട്ട കനത്ത പരാജയത്തിന് കാരണം സംഘടനാപരമായ ദൗർബല്യവും വ്യാപകമായി നടന്ന ഓപ്പൺ വോട്ടുമാണെന്ന് പയ്യാവൂർ ടൗൺ വാർഡ് കമ്മിറ്റികൾ വിലയിരുത്തി. സി.പി.എം വ്യാപകമായി ഓപ്പൺ വോട്ട് ചെയ്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുകയായിരുന്നു. തങ്ങൾക്ക് വോട്ട് ചെയ്യുമോ എന്ന് സംശയമുള്ള 50 വയസുള്ളവരെ കൊണ്ട് പോലും ഓപ്പൺ വോട്ട് ചെയ്യിക്കുന്ന സാഹചര്യമായിരുന്നു. തൊഴിലുറപ്പ് തൊഴിലാളികളുടെ വോട്ട് വ്യാപകമായി ഓപ്പൺ വോട്ടാക്കി. ഇത്തരത്തിൽ നൂറിലധികം വോട്ടുകളാണ് ഓരോ വാർഡിലും ചെയ്തത്. തിരഞ്ഞെടുപ്പുദ്യോഗസ്ഥർ ഈ അട്ടിമറിക്ക് കൂട്ടുനിന്നു. നിയമവിരുദ്ധമായി പ്രവർത്തിച്ച ഉദ്യോഗസ്ഥർക്കെതിരെ ആവശ്യമായ നിയമ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. വാർഡുകളിലെ സ്ഥാനാർത്ഥികളായ സവിത ജയപ്രകാശ്, റഹിയാനത്ത് വി.പി, എന്നിവരും ഭാരവാഹികളായ കെ.വി. സുരേഷ് കുമാർ , കുര്യൻ പുന്നശ്ശേരിമലയിൽ, ജോണി പന്നൂറയിൽ, ജോയി പുന്നശ്ശേരിമലയിൽ ,കെ.പി നിയാസ് എന്നിവർ സംസാരിച്ചു.