കണ്ണൂർ: 1978ൽ കെ.എസ്.യു പ്രവർത്തകനായി തുടങ്ങി ദൈർഘ്യമേറിയ സംഘടനാ പ്രവർത്തനത്തിനുള്ള അംഗീകാരമാണ് അഡ്വ. ടി.ഒ. മോഹനനെ കണ്ണൂരിൽ മേയർ പദവിയിലേക്കുള്ള സ്ഥാനാർത്ഥിയാക്കിയതിന് പിന്നിൽ. മട്ടന്നൂർ കോളജിൽ കെ.എസ്.യു യൂണിറ്റ് ഭാരവാഹിയായിരുന്നു. പിന്നീട് കണ്ണൂർ എസ്.എൻ കോളജിൽ നിന്നും കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായും കെ.എസ്.യു കണ്ണൂർ താലൂക്ക് സെക്രട്ടറിയായും ജില്ലാ നിർവ്വാഹക സമിതി അംഗമായും പ്രവർത്തിച്ചു. കാലിക്കറ്റ് ലോ അക്കാഡമിയിൽ നിന്ന് എൽ.എൽ.ബി ബിരുദം നേടി.
1988 ൽ തിരഞ്ഞെടുപ്പിലൂടെ കെ.എസ്.യു. ജില്ലാ പ്രസിഡന്റായി.1993 ൽ സംസ്ഥാന സെക്രട്ടറിയും. 2001 മുതൽ 12 വർഷം ഡി.സി.സി ജനറൽ സെക്രട്ടറി സ്ഥാനവും വഹിച്ചു. 2013 മുതൽ കെ .പി .സി. സി അംഗം. 1991ൽ ജില്ലാ കൗൺസിലിലേക്കും 2001 ൽ ജില്ലാ പഞ്ചായത്തിലേക്കും മത്സരിച്ചു. 2010 ൽ മുൻസിപ്പൽ കൗൺസിലറും മൂന്ന് വർഷം ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും, 2013 മുതൽ 2015 വരെ മുൻസിപ്പൽ വൈസ് ചെയർമാനായും ചുമതല വഹിച്ചു. 2015 മുതൽ 2020 വരെ കോർപറേഷൻ കൗൺസിലർ, കോൺഗ്രസ് പാർലിമെന്ററി പാർട്ടി ലീഡർ, പ്രതിപക്ഷ നേതാവ് തുടങ്ങിയ സ്ഥാനങ്ങളിൽ പ്രവർത്തിച്ചുവരുന്നു.
ജവഹർലാൽ നെഹ്രു പബ്ലിക്ക് ലൈബ്രറി ആൻഡ് റിസേർച്ച് സെന്റർ വർക്കിംഗ് ചെയർമാൻ, തോട്ടട അഭയനികേതൻ വൈസ് പ്രസിഡന്റ്, എസ്.പി.സി.എ വൈസ് ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങളിലും പ്രവർത്തിക്കുന്നു.
പിതാവ് പരേതനായ സി. ഗോപാലൻ മാസ്റ്റർ. മാതാവ് ടി.ഒ സരോജിനി. ഭാര്യ മട്ടന്നൂർ ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപിക പി.വി പ്രീത. മക്കൾ: അമൽമോഹൻ കോഴിക്കോട് എൻ.ഐ.ടി യിലും അനഘ മോഹനൻ ഡൽഹി യൂണിവേഴ്സിറ്റിയിലും പഠിക്കുന്നു.