കാഞ്ഞങ്ങാട്: കല്ലൂരാവി പഴയ കടപ്പുറത്തെ ഡി.വൈ. എഫ് .ഐയുടെയും കാന്തപുരം സുന്നി വിഭാഗത്തിന്റെയും പ്രവർത്തകനായ അബ്ദുൾ റഹ്മാൻ എന്ന ഔഫിനെ (28) കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്താനാകാത്തത് അന്വേഷണത്തെ പ്രതിസന്ധിയിലാക്കുന്നു. സംഭവത്തിൽ യൂത്ത് ലീഗ് പ്രവർത്തകരായ മൂന്നുപേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തെങ്കിലും കൊല നടത്തിയ ആയുധം കണ്ടെത്താനായിട്ടില്ല.
യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുൻസിപ്പൽ സെക്രട്ടറി ഇർഷാദിന്റെ പൊട്ടിയ കണ്ണടയും അടിക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന ഒരു ഇരുമ്പ് വടിയും മാത്രമാണ് കൊലപാതകം നടന്ന സ്ഥലത്തുനിന്ന് പൊലീസ് കണ്ടെടുത്തത്. നെഞ്ചിൽ ഏറ്റ മാരകമായ കുത്താണ് അബ്ദുൾ റഹ്മാന്റെ കൊലയ്ക്ക് കാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. അങ്ങിനെയാണെങ്കിൽ ഏത് ആയുധം കൊണ്ടാണ് കുത്തിയതെന്ന് കണ്ടെത്താതെ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാൻ കഴിയില്ല. ഒന്നാം പ്രതി ഇർഷാദ് കൊല നടത്താൻ നല്ല പരിശീലനം നേടിയിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. ഒറ്റക്കുത്തിന് ഒരാളെ കൊല്ലാൻ വിദഗ്ധ പരിശീലനം നേടിയവർക്ക് മാത്രമേ കഴിയൂവെന്നാണ് പറയുന്നത്. ഇതിനായി പ്രത്യേകതരം ആയുധം ഉപയോഗിച്ചതായും പൊലീസ് കരുതുന്നു.
ഒന്നാം പ്രതി ഇർഷാദ് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയതിനാൽ തെളിവെടുപ്പ് നടത്താൻ സാധിക്കാത്തതാണ് ആയുധം കണ്ടെത്തുന്നതിനുള്ള തടസം. അറസ്റ്റിലായ മറ്റു പ്രതികളായ ഹസൻ(23), ആഷിർ (24) എന്നിവർ റിമാൻഡിലുമാണ്. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയതോടെ പൊലീസ് തുടരന്വേഷണം നിർത്തിവച്ചിരിക്കുകയാണ്. ക്രൈംബ്രാഞ്ച് കണ്ണൂർ എസ് പി മൊയ്തീൻ കുട്ടി ഇന്ന് അന്വേഷണചുമതല ഏറ്റെടുക്കും. കൊലപാതകം ഉണ്ടായ ഉടനെ ക്രൈംബ്രാഞ്ച് സമാന്തര അന്വേഷണം നടത്തിയിരുന്നു. ക്രൈംബ്രാഞ്ച് സംഘം അന്വേഷണം തുടങ്ങുന്നതോടെ പ്രതികളെ കസ്റ്റഡിയിൽ കിട്ടാൻ അപേക്ഷ നൽകും.
ഔഫ് വധക്കേസിൽ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തു. ഇനിയുള്ള അന്വേഷണം ക്രൈംബ്രാഞ്ച് നടത്തും. കൊലയ്ക്ക് ഉപയോഗിച്ച ആയുധം ഉൾപ്പെടെ പുതിയ അന്വേഷണ സംഘം കണ്ടെത്തുമെന്നാണ് കരുതുന്നത് .
എം. പി വിനോദ് ( കാഞ്ഞങ്ങാട് ഡിവൈ. എസ്. പി )