കണ്ണൂർ: പ്രൈമറി സ്‌കൂൾ ഹെഡ്മാസ്റ്റർ പ്രെമോഷന് വകുപ്പുതല പരീക്ഷാ യോഗ്യത നിർബന്ധമാക്കിയ ചട്ടം ഇടതുപക്ഷ അദ്ധ്യാപക സർവ്വീസ് സംഘടനാ നേതാക്കൾക്കു വേണ്ടി തിരുത്തിയതായി ആരോപണം. 2011ലെ വിദ്യാഭ്യാസ അവകാശ നിയമം കേരള റൂൾസിലാണ് ഈ ചട്ടമുള്ളത്. 12 വർഷ സർവീസും വകുപ്പുതല പരീക്ഷയായ അക്കൗണ്ട് ടെസ്റ്റും ലോവറും കെ.ഇ.എ.ആറും പാസായവരെയാണ് പ്രെമോഷനു പരിഗണിക്കേണ്ടത് എന്നാണ് കേരള റൂൾസിലുള്ളത്.
എന്നാൽ യോഗ്യത ഇല്ലാത്ത 50 വയസ് കഴിഞ്ഞ അദ്ധ്യാപക സർവീസ് സംഘടനാ നേതാക്കളെ സഹായിക്കാൻ വകുപ്പുതല പരീക്ഷ പാസാക്കുന്നതിൽ 2014ൽ ഇളവ് അനുവദിച്ച് സർക്കാർ ഉത്തരവ് ഇറക്കി.
റൂളിനെ മറികടക്കാൻ സർക്കാർ ഉത്തരവ് മതിയാവില്ല എന്ന കാരണത്താൽ ആ ഉത്തരവ് കോടതി റദ്ദ് ചെയ്തിരുന്നു.
തുടർന്നു വന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിയിൽ 2018 മുതൽ വകുപ്പുതല പരീക്ഷ പാസാകാതെ പ്രമോട്ട് ചെയ്തവരെ റിവർട്ട് ചെയ്യണമെന്നും ഇനി യോഗ്യത നേടിയവരെ മാത്രമേ നിയമിക്കാവൂ എന്നും വിധിച്ചു.
2018 മുതൽ നിയമിക്കപ്പെട്ട യോഗ്യതയില്ലാത്ത അദ്ധ്യാപകർ സുപ്രീം കോടതിയെ സമീപിച്ച് തൽസ്ഥിതി തുടരാൻ ഉത്തരവ് സമ്പാദിച്ചു. ഇതേ തുടർന്ന് 2020 ഏപ്രിൽ മുതൽ ഒഴിഞ്ഞുകിടക്കുന്ന ആയിരത്തോളം പ്രൈമറി ഹെഡ്മാസ്റ്റർ തസ്തിക നിയമനം നടത്താതെ ഒഴിച്ചിട്ടിരിക്കുകയാണെന്നും കേരളാ ടെസ്റ്റ് ക്വാളിഫൈഡ് പ്രൈമറി ടീച്ചേഴ്സ് യൂണിയൻ ആരോപിക്കുന്നു.
സുപ്രീം കോടതി സ്റ്റാറ്റസ് കോ തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന അദ്ധ്യാപകർക്കാണ് എന്നും പുതിയ നിയമനങ്ങളിൽ ഹൈക്കോടതി വിധി പ്രകാരം നിയമനം നടത്തണമെന്നും ടെസ്റ്റ് യോഗ്യത നേടിയ അദ്ധ്യാപകർ ആവശ്യപ്പെട്ടെങ്കിലും ഒൻപത് മാസമായി ഒഴിഞ്ഞുകിടക്കുന്നു. നേതാക്കളിൽ പ്രമുഖരായ ചിലർ 2021 മേയിൽ പെൻഷനാകുന്ന പശ്ചാത്തലത്തിൽ നിയമനം നീണ്ടുപോകുന്നത് പെൻഷനറി ആനുകൂല്യങ്ങളിൽ നേതാക്കൾക്കു വൻ സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെന്ന കാരണത്താൽ വിദ്യാഭ്യാസ അവകാശ നിയമത്തിലെ ബന്ധപ്പെട്ട ചട്ടം തിരുത്താൻ സംഘടന സർക്കാരിൽ സമ്മർദ്ദം ചെലുത്തുകയായിരുന്നുവെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. തുടർന്നാണ് 50 വയസ് കഴിഞ്ഞവർക്ക് വകുപ്പുതല പരീക്ഷ പാസാക്കുന്നതിൽ ഇളവ് വരുത്തി ചട്ടം ഭേദഗതി ചെയ്ത് ഡിസം 23 ന് ഉത്തരവിറക്കിയതെന്നാണ് ആക്ഷേപം.
ചട്ടഭേദഗതി ഗുണമേന്മാ മാനദണ്ഡങ്ങളെ തകർക്കുന്നതും യോഗ്യത നേടിയവരുടെ നിയമന സാദ്ധ്യത ഇല്ലാതാക്കുന്നതുമാണ്. നിയമപരമായി ഇതിനെ നേരിടും.
കെ.എൻ ആനന്ദ് നാറാത്ത്
, കേരളാ ടെസ്റ്റ് ക്വാളിഫൈഡ് പ്രൈമറി ടീച്ചേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ്