
കണ്ണൂർ: സംസ്ഥാന രാഷ്ട്രീയത്തിൽ കെ. സുധാകരൻ എം.പി സജീവമാകണമെന്ന ആവശ്യം ശക്തം. നേരത്തെ കെ.പി.സി.സി ആസ്ഥാനം ഉൾപ്പെടെ തിരുവിതാംകൂർ മേഖലയിൽ സുധാകരനെ കെ.പി.സി.സി പ്രസിഡന്റാക്കണം എന്ന് ആവശ്യപ്പെട്ട് ഫ്ളക്സ് ബോർഡുകൾ ഉയർന്നിരുന്നു. ഇതിന്റെ ചുവടുപിടിച്ച് മലാബാറിലും സുധാകരനു വേണ്ടി മുറവിളി ഉയരുകയാണ്. കഴിഞ്ഞ ദിവസം മലപ്പുറത്ത് സേവ് കോൺഗ്രസിന്റെ പേരിൽ സുധാകരനെ പ്രസിഡന്റാക്കണം എന്നാവശ്യപ്പെടുന്ന ഫ്ളക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടു.
സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാക്കാൻ സുധാകരൻ താത്പ്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും എം.പിമാർ ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിക്കണമെന്ന ഹൈക്കമാൻഡ് നിർദ്ദേശം വിലങ്ങുതടിയാവുകയായിരുന്നു. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റായി പ്രവർത്തിക്കുന്ന കെ. സുധാകരൻ സംസ്ഥാന നേതൃത്വത്തിൽ പ്രവർത്തിക്കാനുള്ള സുവർണാവസരമായാണ് ഇപ്പോഴത്തെ സാഹചര്യത്തെ കാണുന്നത്.
കണ്ണൂരിലെ നേതാക്കൾ ചുക്കാൻ പിടിക്കുന്ന സി.പി.എമ്മിനെയും സർക്കാരിനെയും പ്രതിരോധിക്കുന്നതിനായി കണ്ണൂരിൽ നിന്നു തന്നെ ഒരു ശക്തനായ നേതാവ് കോൺഗ്രസ് നേതൃത്വത്തിൽ വരണമെന്ന മുറവിളി പാർട്ടിക്കുള്ളിൽ നിന്നും തന്നെ ഉയരുന്നുണ്ട്. പ്രത്യേകിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കെ.പി.സി.സി ആസ്ഥാനമന്ദിരത്തിനു മുന്നിലും തലസ്ഥാന നഗരി യിലും സുധാകരനെ വിളിക്കൂ, കോൺഗ്രസിനെ രക്ഷിക്കു എന്ന മുദ്രാവാക്യമെഴുതിയ ഫ്ലക്‌സ് ബോർഡ് വച്ചത് ഇതിന്റെ ഭാഗമായാണെന്നാണ് പാർട്ടിക്കുള്ളിലെ ചർച്ച. എന്നാൽ സുധാകരൻ സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകുന്നതിനോട്
കണ്ണൂരിലെ ചില പാർട്ടി നേതാക്കൾക്കിടയിൽ ഭിന്നാഭിപ്രയമുണ്ട്.
സുധാകരന്റെ കടന്നുവരവ് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് പ്രതീക്ഷിക്കുന്ന കോൺഗ്രസ് നേതാക്കൾക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് ഇവരുടെ ആശങ്ക. തരം കിട്ടിയാൽ പാലം വലിക്കാനും പാര പണിയാനും പുറമേക്ക് സുധാകരനോട് ഭക്തി കാണിക്കുന്ന അദ്ദേഹത്തോടൊപ്പം നിൽക്കുന്ന ചില നേതാക്കളും ഉണ്ടെന്നാണ് പറയുന്നത്. സി.പി.എം അക്രമരാഷ്ട്രീയത്തെ പല്ലും നഖവും ഉപയോഗിച്ച് എതിർക്കുന്ന നേതാവെന്ന അണികൾക്കിടയിലെ ഇമേജും ആവേശവുമാണ് സുധാകരനെ നിലനിർത്തിപ്പോരുന്നത്. കെ.സി. ജോസഫ് നേതൃത്വം നൽകുന്ന എ വിഭാഗവും മമ്പറം ദിവാകരൻ നേതൃത്വം നൽകുന്ന വിശാല ഐ വിഭാഗവും കെ.സി വേണുഗോപാലിന്റെ ഗ്രൂപ്പുകാരായ സജീവ് മാറോളി നേതൃത്വം നൽകുന്ന മൂന്നാം ഗ്രൂപ്പും സുധാകരന് എതിരാണ്.